ഗാസ – ഞാന്‍ നിങ്ങളോട് നിങ്ങളുടെ വീട് വിട്ട് പോകാന്‍ പറഞ്ഞാല്‍, നിങ്ങള്‍ പോകുമോ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനോട് ഫലസീതിനി ബാലിക മാരിയ ഹനൂന്റെ ചോദ്യം. ഗാസ നിവാസിയായ മാരിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായി. ഗാസയില്‍ നിന്ന് ഫലസ്തീനികളെ മറ്റു രാജ്യങ്ങളിലേക്ക് മാറ്റണമെന്ന വിവാദ പ്രസ്താവനകള്‍ക്കു പിന്നാലെയാണ്, ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ നിങ്ങളുടെ വീട് ഉപേക്ഷിച്ചുപോകുമോയെന്ന് ഹനൂന്‍ ചോദിച്ചത്.
നിങ്ങള്‍ നിങ്ങളുടെ വീട് വിടാന്‍ വിസമ്മതിക്കുന്നുവെങ്കില്‍, ഞാൻ എന്റെ വീടും രാജ്യവും വിടാന്‍ സമ്മതിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്തിനാണ്? -മാരിയ ഹനൂന്‍ ചോദിച്ചു. നിങ്ങൾ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും രാജ്യമാണെന്ന് നിങ്ങള്‍ പറയുന്നു. എന്ത് സ്വാതന്ത്ര്യത്തെ കുറിച്ചാണ് നിങ്ങള്‍ പറയുന്നത്? ഗാസ ഒഴികെയുള്ള മുഴുവന്‍ ലോകത്തെയും നിങ്ങള്‍ ഭരിക്കുക, കാരണം ഗാസ മുഴുവന്‍ ലോകമാണ് -എന്ന് ട്രംപിനെ ഉപദേശിച്ചു കൊണ്ടാണ് മാരിയ ഹനൂന്‍ വീഡിയോ അവസാനിപ്പിച്ചത്.
ഗാസയില്‍ വന്‍ നാശം വിതച്ച 16 മാസത്തോളം നീണ്ട ഇസ്രായിലി യുദ്ധത്തിനു ശേഷം ഗാസ പുനര്‍നിര്‍മിക്കുമ്പോള്‍ ഗാസ വിട്ടുപോകുകയല്ലാതെ ഗാസ നിവാസികള്‍ക്ക് മറ്റു മാര്‍ഗമില്ലെന്ന് പറഞ്ഞ ട്രംപ്, ഗാസ നിവാസികളെ സ്വീകരിക്കന്‍ ജോര്‍ദാനോടും ഈജിപ്തിനോടും ഇന്നലെ വീണ്ടും ആഹ്വാനം ചെയ്തിരുന്നു. ഫലസ്തീനികളെ മറ്റു രാജ്യങ്ങളില്‍ ശാശ്വതമായി പുരനധിവസിപ്പിക്കുന്നതിനെ പിന്തുണക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നിവാസികളെ മറ്റു രാജ്യങ്ങളില്‍ താല്‍ക്കാലികമായി പുനരധിവസിപ്പിക്കണമെന്ന നിര്‍ദേശമാണ് ട്രംപ് നേരത്തെ ഉയര്‍ത്തിയിരുന്നത്. ഈ നിര്‍ദേശം തന്നെ അറബ് രാജ്യങ്ങള്‍ ശക്തിയുക്തം നിരാകരിച്ചിരുന്നു. ഗാസയിലെ ജനങ്ങളെ നിര്‍ബന്ധിതമായി കുടിയിറക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമായിരിക്കും. മേഖലാ രാജ്യങ്ങള്‍ മാത്രമല്ല, അമേരിക്കയുടെ പാശ്ചാത്യ സഖ്യകക്ഷികളും ഇതിനെ ശക്തമായി എതിര്‍ക്കും.