ഇംഫാൽ: മണിപ്പൂരില്‍ കഴിഞ്ഞ വര്‍ഷം തുടങ്ങിയ വംശീയ കലാപത്തിലും അനിഷ്ട സംഭവങ്ങളിലും പരസ്യ ക്ഷമാപണവുമായി മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രംഗത്തെത്തി. പുതുവര്‍ഷത്തില്‍ സംസ്ഥാനം സാധാരണ നിലയിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും സംഭവിച്ചതെല്ലാം എല്ലാവരും പൊറുക്കുകയും മറക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
“ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നു വരെ സംഭവിച്ചതിനെല്ലാം സംസ്ഥാനത്തെ ജനങ്ങളോട് മാപ്പു ചോദിക്കുന്നു. നിരവധി പേര്‍ക്ക് അവരുടെ ഇഷ്ടജനങ്ങളെ നഷ്ടമായി. പലര്‍ക്കും വീടുകള്‍ ഉപേക്ഷിക്കേണ്ടി വന്നു. എനിക്ക് ഖേദമുണ്ട്. ഞാന്‍ മാപ്പ് ചോദിക്കുന്നു. എങ്കിലും അവസാന മൂന്ന് മാസങ്ങളായി സമാധാനത്തിലേക്കുള്ള വഴിയില്‍ പുരോഗതിയുണ്ട്. 2025 പിറക്കുന്നതോടെ സംസ്ഥാനത്ത് സാധാരണനിലയ പുനസ്ഥാപിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം,” മുഖ്യമന്ത്രി പറഞ്ഞു.
“സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു. കഴിഞ്ഞ കാല പിഴവുകള്‍ മറക്കുകയും പൊറുക്കുകയം ചെയ്ത് സാമാധാനന്തരീക്ഷമുള്ള മണിപ്പൂരിനായി പുതിയൊരു ജീവിതത്തിലേക്ക് നീങ്ങണമെന്നും സംസ്ഥാനത്തെ എല്ലാ സമുദായങ്ങളോടുമായി ഞാന്‍ അപേക്ഷിക്കുകയാണ്. മണിപ്പൂരിലെ 35 ഗോത്രങ്ങളും ഐക്യത്തോടെ ഒരുമിച്ച് കഴിയണം,” മുഖ്യന്ത്രി പറഞ്ഞു.
മണിപ്പൂരിലുണ്ടായ വംശീയ കലാപത്തില്‍ 180ലേറെ പേരാണ് കൊല്ലപ്പെട്ടത്. മെയ്തെയ് ഗോത്രക്കാര്‍ തങ്ങള്‍ക്ക് പട്ടിക വർഗ (എസ് ടി) പദവി ആവശ്യപ്പെടുകയും കുക്കി ഗോത്രക്കാര്‍ ഇതിനെ എതിര്‍ത്തതുമാണ് മണിപ്പൂരിനെ വംശീയ കലാപത്തിലേക്ക് നയിച്ചത്. മണിപ്പൂരിലെ ജനസംഖ്യയില്‍ 53 ശതമാനവും മെയ്തേയ് ഗോത്രക്കാരാണ്. ഇംഫാല്‍ താഴ്വാര മേഖലയിലാണ് പ്രധാനമായും ഇവര്‍ കഴിയുന്നത്. കുക്കി, നാഗ ഉള്‍പ്പെടെയുള്ള ഗോത്രക്കാര്‍ ജനസംഖ്യയുടെ 40 ശതമാനം വരും. പ്രധാനമായും മലകള്‍ക്ക് മുകളിലാണ് ഇവരുടെ ആവാസം.