കോഴിക്കോട്- കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ ലോറി മുങ്ങി മരിച്ച അർജുന്റെ സഹോദരി ഭർത്താവ് ജിതിനും ലോറിയുടമ മനാഫ് കൂടിക്കാഴ്ച നടത്തി. ഇരുവർക്കും ഇടയിലെ പ്രശ്നങ്ങൾ പറഞ്ഞ തീർക്കുകയും തെറ്റിദ്ധാരണ നീക്കുകയും ചെയ്തു. അർജുന്റെ വീടിന് സമീപത്തെ മറ്റൊരു വീട്ടിൽ വെച്ചായിരുന്നു കൂടിക്കാഴ്ച്ച നടത്തിയത്. മാധ്യമങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. അർജുൻ തുടങ്ങിയ സൗഹൃദം ഇരു കുടുംബങ്ങളും തുടരുമെന്നും ഇരുവരും വ്യക്തമാക്കി. അർജുനെ കണ്ടെത്താനായി നേരത്തെ രൂപീകരിച്ച ആക്ഷൻ കൗൺസിലിലെ ചിലർ ചേർന്നാണ് കൂടിക്കാഴ്ച്ചക്ക് വഴിയൊരുക്കിയത്.
അർജുന്റെ മൃതശരീരം ലഭിച്ച ശേഷം മനാഫിനെതിരെ അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ രംഗത്തെത്തിയിരുന്നു. കുടുംബത്തിന് വേണ്ടി പണപ്പിരിവ് നടത്തി എന്നായിരുന്നു ആരോപണം. എന്നാൽ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയ മനാഫ്, പണപ്പിരിവ് നടത്തിയെന്ന് തെളിയിച്ചാൽ കല്ലെറിഞ്ഞ് കൊല്ലൂവെന്ന് വ്യക്തമാക്കുകയും ചെയ്തു. സൈബർ ആക്രമണത്തിന്റെ പേരിൽ ജിതിന്റെ ഭാര്യ നൽകിയ പരാതിയിൽ തുടക്കത്തിൽ മനാഫിനെ പോലീസ് പ്രതിയാക്കിയിരുന്നു. എന്നാൽ പിന്നീട് മനാഫിനെ പോലീസ് സാക്ഷിയാക്കുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന വിവാദത്തിനാണ് ഇതോടെ അറുതിയായത്.