കണ്ണൂർ- കണ്ണൂർ ജില്ലയിലെ കൈതപ്രത്ത് 49കാരനായ രാധാകൃഷ്ണനെ വെടിവെച്ചു കൊന്നത് ഫെയ്സ്ബുക്കിൽ ഭീഷണി സന്ദേശം പോസ്റ്റ് ചെയ്ത ശേഷം. പ്രതി സന്തോഷാണ് കൊല നടത്തുന്നതിന് ഒരു മണിക്കൂർ മുമ്പ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടത്. തോക്കു പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം “കൊള്ളിക്കുക എന്നതാണ് ടാസ്ക്, കൊള്ളും എന്നുറപ്പ്” എന്നെഴുതുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം കൊല നടത്തിയെന്ന് സൂചന നൽകുന്ന പോസ്റ്റും ഇയാൾ പങ്കുവെച്ചു. പോയിന്റ് ബ്ളാങ്കിൽ നിന്നാണ് രാധാകൃഷ്ണന് നേരെ വെടിയുതിർത്തത്. രാധാകൃഷ്ണനെ ഫോണിൽ വിളിച്ച് സന്തോഷ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഇരുവരും തമ്മിൽ നിലനിന്നിരുന്നു. വൈകിട്ട് 7.30ന് നിര്‍മാണം നടക്കുന്ന വീട്ടിലായിരുന്നു കൊലപാതകം.
ഇന്ന് വൈകിട്ട് ആറു മണിക്ക് ശേഷാണ് ഇരുവരും രാധാകൃഷ്ണന്റെ നിർമാണത്തിലിരുന്ന വീട്ടിലേക്ക് എത്തിയത്. ഇവിടെ വെച്ച് നടന്ന തർക്കത്തിനൊടുവിൽ രാധാകൃഷ്ണന് നേർക്ക് സന്തോഷ് നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് സമീപവാസികൾ ഇവിടേക്ക് ഓടിയെത്തി. പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിനുള്ളിൽ പോലീസിന്റെ പിടിയിലാവുകയും ചെയ്തു. പ്രതി മദ്യലഹരിയിലായിരുന്നു.
രാധാകൃഷ്ണന്റെ വീട് നിര്‍മാണവുമായി ബന്ധപ്പെട്ട് കരാര്‍ സന്തോഷിന് നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം ഇരുവര്‍ക്കിടയിലും നേരത്തെ തന്നെയുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം കൊലയ്ക്ക് ഉപയോഗിച്ച തോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇയാൾ നേരത്തെയും നാടൻ തോക്ക് ഉപയോഗിക്കുമായിരുന്നുവെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.