ജിദ്ദ – ജിദ്ദയില്‍ നിന്ന് ആയിരം കിലോമീറ്റര്‍ ദൂരെ റിയാദിലേക്ക് റോഡ് മാര്‍ഗം കൊണ്ടുപോകുന്ന വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നവര്‍ക്കുള്ള സമ്മാനം ഏറ്റവും പുതിയ മോഡലില്‍ പെട്ട ആറു ലക്ഷ്വറി കാറുകളായി ഉയര്‍ത്തിയതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി പ്രസിഡന്റ് തുര്‍ക്കി ആലുശൈഖ് അറിയിച്ചു. ഏറ്റവും മികച്ച ഫോട്ടോയും വീഡിയോകളുമെടുത്ത് ഒന്നാം സ്ഥാനത്തെത്തുന്ന വിജയിക്ക് ഒരു ലക്ഷ്വറി കാര്‍ സമ്മാനിക്കുമെന്നാണ് തുര്‍ക്കി ആലുശൈഖ് ആദ്യം അറിയിച്ചിരുന്നത്. ജനങ്ങളുടെ ഭാഗത്തു നിന്നുള്ള വന്‍ പ്രതികരണം കണക്കിലെടുത്ത് സമ്മാനം ഉയര്‍ത്തുകയായിരുന്നു. ഇതില്‍ പെട്ട ഒരു ലക്ഷ്വറി കാര്‍ വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നത് കണ്ട് ആഹ്ലാദം പ്രകടിപ്പിച്ച് പരമ്പരാഗത സൗദി നൃത്തരൂപമായ അര്‍ദ നൃത്തച്ചുവടുകള്‍ വെച്ച സൗദി പൗരന് സമ്മാനിക്കാന്‍ തീരുമാനിച്ചതായി തുര്‍ക്കി ആലുശൈഖ് അറിയിച്ചു.
ഇനി അഞ്ചു കാറുകള്‍ കൂടിയാണ് വിജയികളെ കാത്തിരിക്കുന്നത്. അര്‍ദനൃത്തം ചെയ്ത സൗദി പൗരന്റെ പേരുവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ തുര്‍ക്കി ആലുശൈഖ് ആവശ്യപ്പെട്ടു. റോഡിലൂടെയുള്ള വിമാനങ്ങളുടെ സഞ്ചാരത്തില്‍ സൗദി പൗരന്മാര്‍ പ്രകടിപ്പിച്ച ആഹ്ലാദവും വികാരങ്ങളും തന്നെ ഏറെയധികം സന്തോഷിപ്പിച്ചതായി തുര്‍ക്കി ആലുശൈഖ് പറഞ്ഞു.
വിമാനങ്ങള്‍ അഫീഫിലെത്തിയിട്ടുണ്ട്. അഫീഫില്‍ നൂറു കണക്കിന് സൗദി പൗരന്മാര്‍ സ്വന്തം കാറുകളില്‍ വിമാനങ്ങള്‍ക്ക് അകമ്പടി സേവിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. വിമാനങ്ങള്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെല്ലാം സ്വദേശികളും വിദേശികളും കൂട്ടത്തോടെ പുറത്തിറങ്ങി അസാരണ സംഭവത്തിന് സാക്ഷികളാവുകയും ആഹ്ലാദം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ലക്ഷ്വറി കാര്‍ മോഹിച്ച് നിരവധി പേരാണ് പലവിധ ആംഗിളുകളിലും വിമാനങ്ങളുടെ ഫോട്ടോകളും വീഡിയോകളുമെടുക്കുന്നത്. പലരും ഇതിന് ഡ്രോണുകളും ഉപയോഗിക്കുന്നു. കഴിഞ്ഞ ദിവസം ദലം നിവാസികള്‍ വിമാനങ്ങള്‍ നീക്കം ചെയ്യുന്ന ട്രക്കുകളിലും അകമ്പടി വാഹനങ്ങളിലും ജോലി ചെയ്യുന്നവരെ പ്രത്യേക വിരുന്നൊരുക്കി സല്‍ക്കരിച്ചിരുന്നു. അതിനിടെ, വിമാനങ്ങള്‍ ട്രക്കുകളില്‍ കൊണ്ടുപോകുന്നതിന്റെ കൂടുതല്‍ പുതിയ ചിത്രങ്ങള്‍ തുര്‍ക്കി ആലുശൈഖ് പുറത്തുവിട്ടു.
കാലപ്പഴക്കം കാരണം സര്‍വീസില്‍ നിന്ന് ഒഴിവാക്കിയ ബോയിംഗ് 777 ഇനത്തില്‍ പെട്ട വിമാനങ്ങളാണ് ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നതിന് കൂറ്റന്‍ ട്രക്കുകളില്‍ റിയാദിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചു വര്‍ഷത്തിലേറെ മുമ്പ് സൗദിയ സര്‍വീസില്‍ നിന്ന് അകറ്റിനിര്‍ത്തിയ ബോയിംഗ് 777-200 ഇ.ആര്‍ ഇനത്തില്‍ പെട്ട വിമാനങ്ങളാണ് റിയാദ് സീസണിന്റെ ഭാഗമായി സന്ദര്‍ശകര്‍ക്കും ടൂറിസ്റ്റുകള്‍ക്കും നഗരവാസികള്‍ക്കും നവ്യാനുഭവം സമ്മാനിക്കാന്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉപയോഗിക്കുന്നത്.
ബുളിവാര്‍ഡിലെ ഏറ്റവും വലിയ വിനോദ പദ്ധതിയുടെ പ്രൊമോഷന്‍ കാമ്പയിനിന്റെ ഭാഗമായാണ് വിമാനങ്ങള്‍ ചിത്രീകരിക്കാനുള്ള മത്സരം സംഘടിപ്പിക്കുന്നത്.
ബുളിവാര്‍ഡില്‍ വിനോദ പദ്ധതികളുടെ ഭാഗമായി മാറുന്നതിന്, സര്‍വീസില്‍ നിന്ന് നീക്കം ചെയ്ത അഞ്ചു വിമാനങ്ങള്‍ കൈമാറാന്‍ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയും സൗദിയയും അടുത്തിടെ കരാര്‍ ഒപ്പുവെച്ചിരുന്നു. ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഈ വിമാനങ്ങള്‍ ടൂറിസ്റ്റുകളെയും സന്ദര്‍ശകരെയും ആകര്‍ഷിക്കുന്ന റെസ്റ്റോറന്റുകളും കേന്ദ്രങ്ങളുമാക്കി മാറ്റും. ബോയിംഗ് 777, 747 വിമാനങ്ങളെ അടിസ്ഥാനമാക്കിയുള്ള നവ്യാനുഭവങ്ങള്‍ ബുളിവാര്‍ഡ് റണ്‍വേ ഏരിയയില്‍ ഉള്‍പ്പെടും. ഇത് അന്താരാഷ്ട്ര റെസ്റ്റോറന്റുകള്‍ വാഗ്ദാനം ചെയ്യുന്ന ഒന്നിലധികം തരം ഭക്ഷണങ്ങളുമായി വിമാന അനുഭവം സംയോജിപ്പിക്കാന്‍ സന്ദര്‍ശകരെ അനുവദിക്കും.