ഹായില്‍ – പരിസ്ഥിതി, വന്യമൃഗ സംരക്ഷണ നിയമങ്ങള്‍ ലംഘിച്ച് ഹായിലില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച പാക്കിസ്ഥാനിയെ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫുമായി സഹകരിച്ച് പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തു. സിംഹങ്ങള്‍ അടക്കം വംശനാശ ഭീഷണി നേരിടുന്ന ഒമ്പതു വന്യമൃഗങ്ങള്‍ ഉള്‍പ്പെടെ 32 മൃഗങ്ങളെയാണ് പാക്കിസ്ഥാനി പ്രദര്‍ശിപ്പിച്ചത്.
വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേന്ദ്രത്തിന്റെ ഉടമക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. വന്യമൃഗങ്ങളെ പിന്നീട് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫിന് കൈമാറി. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് പരിസ്ഥിതി സുരക്ഷാ സേന പറഞ്ഞു. പരിസ്ഥിതിക്കും വന്യജീവികള്‍ക്കുമെതിരായ കൈയേറ്റങ്ങളെ കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറിയിക്കണമെന്ന് പരിസ്ഥിതി സുരക്ഷാ സേന ആവശ്യപ്പെട്ടു.
പരിസ്ഥിതി നിയമം ലംഘിച്ച് ഹായില്‍ നഗരത്തില്‍ വന്യമൃഗങ്ങളെ പ്രദര്‍ശിപ്പിച്ച കേന്ദ്രത്തില്‍ നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫും പരിസ്ഥിതി സുരക്ഷാ സേനയും പരസ്പര ഏകോപനത്തോടെ റെയ്ഡ് നടത്തുകയായിരുന്നു. വംശനാശ ഭീഷണി നേരിടുന്ന വന്യമൃഗങ്ങളും മാനുകളും ഒട്ടകപ്പക്ഷികളും കഴുകന്മാരും അടക്കം 32 വന്യമൃഗങ്ങളെ ഇവിടെ കണ്ടെത്തി. വന്യമൃഗങ്ങളെ പിന്നീട് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫിനു കീഴിലെ കേന്ദ്രത്തിലേക്ക് മാറ്റിയതായി സെന്റര്‍ അറിയിച്ചു.