തബൂക്ക് – തബൂക്കില്‍ ശരീരഭാരം കുറക്കാന്‍ ലൈസന്‍സില്ലാത്ത മരുന്നുകള്‍ വില്‍പന നടത്തിയ നിയമ ലംഘകനെ കോടതി ഏഴു ദിവസം തടവിന് ശിക്ഷിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇയാള്‍ക്ക് 15,000 റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. പിഴ തുക പൊതുഖജനാവില്‍ അടക്കും.
സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത, ശരീരഭാരം കുറക്കാനുള്ള മരുന്നുകള്‍ പ്രതി ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ലൈസന്‍സ് നേടാതെ വില്‍പന നടത്തുന്നതായി ആരോഗ്യ മന്ത്രാലയ സംഘം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ നിയമ ലംഘകനെതിരായ കേസ് ആരോഗ്യ മന്ത്രാലയം ബന്ധപ്പെട്ട വകുപ്പിന് കൈമാറുകയായിരുന്നു.
ആരോഗ്യ നിയമ വ്യവസ്ഥകള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ലൈസന്‍സ് ലഭിക്കാതെ ഏതെങ്കിലും ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് ചെയ്യുന്നത് ഹെല്‍ത്ത് പ്രൊഫഷന്‍ പ്രാക്ടീസ് നിയമത്തിലെ ആര്‍ട്ടിക്കിള്‍ രണ്ട് വിലക്കുന്നു. പ്രത്യേകം നിശ്ചയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ രോഗികളെ പരിശോധിക്കുന്നത് നിയമത്തിലെ പതിമൂന്നാം വകുപ്പ് നിരോധിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ തങ്ങളെ കുറിച്ച് സ്വയമോ മധ്യവര്‍ത്തികള്‍ മുഖേനെയോ പരസ്യം ചെയ്യുന്നത് നിയമത്തിലെ പത്താം വകുപ്പും വിലക്കുന്നു.