കോഴിക്കോട്- നഗരത്തിലെ പ്രമുഖ റിയല്‍എസ്റ്റേറ്റ് ഇടനിലക്കാരന് ബാലുശ്ശേരി സ്വദേശി ആട്ടൂര്‍ മുഹമ്മദ് എന്ന മാമി (57) യെ കാണാതായിട്ട് 675 ദിവസം പിന്നിടുമ്പോള്‍ കേസില്‍ വഴിത്തിരിവ്. 3 പ്രതികള്‍ പൊലീസ് വലയിലുണ്ടെന്നാണറിയുന്നത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. ക്രൈംബ്രാഞ്ച് അന്വേഷണത്തിലലാണ് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി വിവര ശേഖരണം തുടങ്ങിയത്. മാമിയെ കണ്ടെത്താനായില്ലെങ്കിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെയാണ് വലയിലാക്കിയതെന്നാണ് ലഭ്യമാവുന്ന വിവരം. മാമിയെ കാണാതായി 675 ദിവസം പിന്നിടുമ്പോള്‍ അത്ര തന്നെ പഴക്കമുള്ള ചില വിവരങ്ങള്‍ക്ക് പിറകെ പോയാണ് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നത് എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിട്ട് 290 ദിവസങ്ങളായി. അതിനിടെ മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥ സംഘത്തെ മാറ്റി പകരം നിയമിച്ചിരുന്നു. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന് അമിത താത്പര്യമെടുത്തതോടെയാണ് മാമി കേസ് പുതിയ വഴിത്തിരിവിലെത്തിയതെന്നറിയുന്നു. നാരായണന് ചുമതല ഏറ്റെടുക്കുന്നതിനു മുമ്പ് മെഡിക്കല്‍ കോളെജ് പൊലീസ് സ്റ്റേഷനില്‍ ലഭിച്ച ഒരു പരാതിയിലെ അന്വേഷണമാണ് ഇപ്പോള്‍ കേസിന്റെ അന്വേഷണം ലക്ഷ്യത്തിലേക്കെത്തിയതെന്നറിയുന്നു.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണ്‍കോള്‍ രേഖകളും അടിസ്ഥാനമാക്കിയുള്ള അന്വേഷണം വഴിമുട്ടി നില്‍ക്കവേയാണ് പുതിയൊരു വിവരം ലഭിച്ചത്. നേരത്തെ നടക്കാവ് പൊലീസ്, ജില്ലാ ക്രൈംബ്രാഞ്ച് എന്നിവര്‍ അന്വേഷണ ഘട്ടത്തില്‍ ശേഖരിച്ചുവെച്ച ചില ഫോണ്‍കോള്‍ രേഖകളും വഴിത്തിരിവ് ഘട്ടത്തിലും ഗുണകരമാവാനിടയുണ്ട്. 2023 ഓഗസ്റ്റ് ഇരുപത്തിയൊന്നിന് അരയിടത്തുപാലത്തെ ഒരു കെട്ടിടത്തില്‍ നിന്ന് ഒരു വാഹനത്തില്‍ കയറി തലക്കളത്തൂര്‍ ഭാഗത്തേക്കാണ് മാമി പോയത്. പിന്നീട് മാമിയുമായി സംസാരിച്ചപ്പോഴെല്ലാം ഒപ്പം മൂന്നോ അതിലധികമോ ആളുകള്‍ മാമിയോടൊപ്പം ഉണ്ടായിരുന്നതായും അവരുടെ ശബ്ദം കേട്ടിരുന്നതായും മാമിയുടെ വീട്ടുകാരും മൊഴി നല്‍കിയിട്ടുണ്ട്.
മാമിയുടെ 2 മൊബൈല്‍ ഫോണുകളും ഒന്നിച്ച് ഓഫായത് തലക്കളത്തൂര്‍ ഭാഗത്ത് നിന്നായിരുന്നു. ആ മേഖലയിലെ മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള നമ്പറുകളാണ് തെളിവായി മുമ്പിലുള്ളത്. 14 നമ്പറുകള്‍ പ്രധാനമായും കേസന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ഈ മൊബൈല്‍ നമ്പരുടമകള് ഉള്‍പ്പെടെ 200 പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തുകഴിഞ്ഞു. ഇതില്‍ ചിലരുടെ മൊഴികള്‍ സത്യവിരുദ്ധമാണെന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്. മാമിയുടെ കേസില്‍ ആളുകളെ കണ്ടെത്തിയതോടെ കാണാതായി എന്ന പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്ന ‘മിസിങ്’ കേസുകളുടെ അന്വേഷണത്തില്‍ കോഴിക്കോട് സിറ്റി പോലീസ് കൂടുതല്‍ മികവാര്ജിച്ചതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. മാമി കേസില്‍ മികച്ച അവസരങ്ങള്‍ നഷ്ട.പ്പെടുത്തിയെന്ന് പൊലീസ് സേനക്കുള്ളില്‍ തന്നെ ശക്തമായ വിമര്ശനവുണ്ടായിരുന്നു.