ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ 12 വര്‍ഷമായി നാട്ടില്‍ പോകാതിരുന്ന പ്രവാസി മലയാളി യാത്രയുടെ തലേന്ന് അന്തരിച്ചു. കൊല്ലം നിലമേല്‍ സ്വദേശിയായ ദിലീപ് കുമാര്‍ ചെല്ലപ്പന്‍ ആശാരി (58) ആണ് മരിച്ചത്.
വര്‍ക്ക്ഷോപ്പ് ജീവനക്കാരനായ ദിലീപ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി താമസരേഖയോ മെഡിക്കല്‍ ഇന്‍ഷുറന്‍സോ ഇല്ലാതെയാണ് സൗദിയില്‍ കഴിഞ്ഞിരുന്നത്.
അസുഖബാധിതനായ അവസ്ഥയില്‍, കെഎംസിസി കാരുണ്യ വിഭാഗം പ്രവര്‍ത്തകന്‍ അഷ്റഫ് കണ്ണൂരിന്റെ നേതൃത്വത്തില്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കി നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അദ്ദേഹം. ഇന്ത്യന്‍ എംബസിയിലെ സാമൂഹിക പ്രവര്‍ത്തകരായ മണിക്കുട്ടന്റെയും മഞ്ജുവിന്റെയും സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഫൈനല്‍ എക്‌സിറ്റ് വിസ നേടി. എന്നാല്‍, ഇന്ന് പുലര്‍ച്ചെ ദിലീപ് അന്തരിച്ചു.
പന്ത്രണ്ട് വര്‍ഷം മുമ്പ് ദിലീപിന്റെ ഭാര്യയും പിന്നീട് അമ്മയും മരിച്ചിരുന്നു. ഇതോടെ നാട്ടിലേക്കുള്ള യാത്രകള്‍ നിലച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ഷാജി വയനാടിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി, മൃതദേഹം ഇന്ന് രാത്രി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.