തബൂക്ക്- തബൂക്ക് ജയിലിൽ കഴിയുന്ന ഇന്ത്യക്കാരായ 34 പേരിൽ 28 പേർക്കെതിരെയുമുള്ളത് മയക്കുമരുന്ന് കേസ്. ഇവരിൽ അഞ്ചു പേർ മലയാളികളാണ്. ബാക്കിയുള്ളവർ കർണാടക, ബംഗാൾ, യു.പി, ബിഹാർ സ്വദേശികളാണ് മറ്റുള്ളവർ. മയക്കുമരുന്ന് ഉപയോഗം, വിൽപ്പന എന്നീ കേസുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ഇതാദ്യമായാണ് തബൂക്ക് ജയിലിൽ ഇത്രയധികം ഇന്ത്യക്കാർ ശിക്ഷ കാത്തു കഴിയുന്നത്.
കേസിന്റെ ഗൗരവം അനുസരിച്ച് 15, പത്ത്, അഞ്ചു വർഷങ്ങൾ ഇവർക്ക് ജയിൽ ശിക്ഷ ലഭിക്കും. സൗദിയിൽ മയക്കുമരുന്ന് വിൽപ്പനക്കും ഉപയോഗത്തിനും കടുത്ത ശിക്ഷയാണ്. എന്നാൽ ഇവയൊന്നും വകവെക്കാതെ ഇതിലേർപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നത് ഏവരെയും ഞെട്ടിക്കുന്നു. പെട്ടന്ന് പണം സമ്പാദിക്കാനുള്ള വഴി തേടിയാണ് മലയാളികളുൾപ്പെടെ ഇതിൽ കണ്ണികളാകുന്നത്. സൗദിയിൽ നിരോധിക്കപ്പെട്ട ചില മരുന്നുകൾ നാട്ടിൽ നിന്ന് കൊണ്ടുവന്നരും പിടിക്കപ്പെട്ടു ജയിലിൽ കഴിയുന്നവരിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ മരുന്ന് കൊണ്ടുവന്ന എട്ടോളം പേർ ഇക്കൂട്ടത്തിലുണ്ട്.
വാഹനാപകടത്തിൽ യമനി പൗരൻ മരണപ്പെട്ട കേസിൽ ഒരാളും മദ്യം വാറ്റി വിൽപ്പന നടത്തിയവരും ഉപയോഗിച്ചവരും ഇക്കൂട്ടത്തിൽ ജയിലിലുണ്ട്. താമസരേഖയായ ഇഖാമ നിയമാനുസൃതമല്ലാതെ നിർമ്മിച്ചു കൈവശം വെച്ചതിനു പിടിക്കപ്പെട്ട ഒരാളും സ്പോൺസാറുമായും കമ്പനിയുമായും സാമ്പത്തിക ഇടപാടുകളിൽ പിടിക്കപ്പെട്ടു രണ്ടുപേരും ജയിലിലുണ്ട്.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികൾ കഴിഞ്ഞ ദിവസം തബൂക്ക് ജയിലിൽ സന്ദർശനം നടത്തിയിരുന്നു. വിവിധ കുറ്റകൃത്യങ്ങളിൽ പെട്ട് ശിക്ഷാ കാലാവധി കഴിഞ്ഞതും ഇളവ് ലഭിച്ചതുമായ മലയാളികളുൾപ്പെടെ അഞ്ചു പേരെ ഇക്കഴിഞ്ഞ കഴിഞ്ഞ ദിവസങ്ങളിൽ യാത്രാ രേഖകളും വിമാനടിക്കറ്റും ശെരിയാക്കി ഡിപ്പോർട്ടേഷൻ സെന്ററിൽ നിന്ന് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കമ്മ്യൂണിറ്റി വെൽഫെയർ മെമ്പർ ഉണ്ണി മുണ്ടുപറമ്പിൽ തബുക്ക് എയർപോർട്ട് വഴി നാട്ടിലെത്തിച്ചിരുന്നു. ഡിപോർട്ടേഷൻ സെന്റർ സന്ദർശിച്ചു പാസ്പോർട്ട് ഇല്ലാതെ കഴിയുന്ന ആറോളം പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് (ഇ.സി)നൽകാനുള്ള നടപടിയും സ്വീകരിച്ചു.
തബൂക്ക് ലേബർ കോടതിയും കോൺസുലേറ്റ് സംഘം സന്ദർശിച്ചു. ഇന്ത്യൻ തൊഴിലാളികളുടെ വിഷയങ്ങൾ ലേബർ കോടതിയിൽ എത്തിക്കഴിഞ്ഞാൽ വളരെ പെട്ടന്ന് അന്തിമ തീരുമാനം ഉണ്ടാകാറുണ്ടെന്നും താമസരേഖ ഇല്ലാത്തവർ ഫൈനൽ എക്സിറ്റിൽ പോകാൻ അവസരം ഉപയോഗപ്പെടുത്തണമെന്നും ലേബർ കോർട്ട് ഡയറക്ടർ വ്യക്തമാക്കി. ഇന്ത്യൻ തൊഴിലാളികളുടെ വിഷയങ്ങൾ തൊഴിൽ കോടതിയുടെ ശ്രദ്ധയിൽ പെടുത്തുന്ന കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫെയർ മെമ്പർ ഉണ്ണിയുടെ പ്രവർത്തനങ്ങൾ അഭിനന്ദർഹമാണെന്നും ഡയറക്ടർ വ്യക്തമാക്കി.
ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് കോൺസൽ (ഡബ്ല്യുസി)കമലേഷ് കുമാർ മീന, കോൺസുലേറ്റ് ഉദ്യോഗസ്ഥനായ ആർ.എ ജിലാനി, കോൺസുലേറ്റ് കമ്യുണിറ്റി വെൽഫെയർ മെമ്പർമാരായ സിറാജ് എറണാകുളം, ഉണ്ണി മുണ്ടുപറമ്പ് (ലോക കേരള സഭാഅംഗം )എന്നിവരും സന്ദർശനത്തിൽ കൂടെയുണ്ടായിരുന്നു.