ജിദ്ദ- ഖുൻഫുദക്ക് സമീപം ഹൈവേയിലുണ്ടായ മലവെള്ളപ്പാച്ചിലിൽനിന്ന് കൊണ്ടോട്ടി സ്വദേശികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്. കൊണ്ടോട്ടി പള്ളിക്കൽ ബസാർ സ്വദേശി താഴത്തേരി ബീരാൻ, കൊണ്ടോട്ടി തോട്ടശ്ശേരിയറ മാളിയേക്കൽ സൈനുദ്ദീൻ എന്നിവരാണ് രക്ഷപ്പെട്ടത്. ഇവർ സഞ്ചരിച്ച കാർ മലവെള്ളത്തിൽ ഒലിച്ചുപോയി. കാർ എവിടെയാണ് ഇതേവരെ വിവരം ലഭിച്ചിട്ടില്ല.
ജിസാന് സമീപം ദർബിലേക്ക് ബിസിനസ് ആവശ്യാർത്ഥം കാറിൽ സഞ്ചരിക്കവെ ഖുൻഫുദക്ക് സമീപം ഹമഖിലെ സവാല എന്ന സ്ഥലത്തുവെച്ചാണ് അപകടം സംഭവിച്ചത്. റോഡിലൂടെ വെള്ളം ഒഴുകിയെത്തുകയും കാറിന് മുന്നോട്ടു സഞ്ചരിക്കാനാകാതെയും വന്നതോടെ ഇരുവരും കാർ ഉപേക്ഷിച്ച് പുറത്തിറങ്ങുകയായിരുന്നു. നിമിഷ നേരം കൊണ്ട് മലവെള്ളത്തിൽ ഇവരുടെ കാറടക്കം നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. ഭാഗ്യം കൊണ്ടുമാത്രമാണ് രക്ഷപ്പെട്ടതെന്ന് ഇരുവരും ദ മലയാളം ന്യൂസിനോട് പറഞ്ഞു.
ഏതാനും നിമിഷം കൊണ്ടാണ് മലവെള്ളം വൻ ശക്തിയിൽ ഒഴുകിയെത്തിയത്. വാഹനത്തിൽനിന്ന് പുറത്തിറങ്ങാൻ വൈകിയിരുന്നെങ്കിൽ തങ്ങളും കാറിനോടൊപ്പം ഒലിച്ചുപോകുമായിരുന്നുവെന്ന് ഇരുവരും പറഞ്ഞു.
വെള്ളം പൊങ്ങിയതോടെ കാറിന് മുന്നോട്ടുപോകാൻ സാധിക്കാത്തതോടെയാണ് പുറത്തിറങ്ങിയത്. റോഡിൽ കുടുങ്ങിയ കാറിന്റെ വീഡിയോ വീരാൻ പകർത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ റെക്കോർഡ് ചെയ്ത് അടുത്ത നിമിഷം തന്നെ കാർ ഒലിച്ചുപോകുകയും ചെയ്തു. ആ സമയത്ത് റോഡിലുണ്ടായിരുന്ന വാഹനങ്ങളെല്ലാം മലവെള്ളത്തിൽ ഒലിച്ചുപോകുകയും ചെയ്തു.