റിയാദ് – ഗാസയിലെ റഫക്കു നേരെയുള്ള ഇസ്രായില്‍ ആക്രമണം തടയാന്‍ കഴിയുന്ന ഏക രാജ്യം അമേരിക്കയാണെന്ന് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് പറഞ്ഞു. റഫക്കെതിരായ ഇസ്രായില്‍ ആക്രമണം സംഭവിച്ചാല്‍ ഫലസ്തീന്‍ ജനതയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം ആയിരിക്കുമതെന്ന് റിയാദില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത് ഫലസ്തീന്‍ പ്രസിഡന്റ് പറഞ്ഞു.
റഫ ഓപ്പറേഷന്‍ നിര്‍ത്താന്‍ ഇസ്രായിലിനോട് ആവശ്യപ്പെടാന്‍ ഞങ്ങള്‍ അമേരിക്കയോട് അഭ്യര്‍ഥിക്കുന്നു. കാരണം ഈ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്ന് ഇസ്രായിലിനെ തടയാന്‍ കഴിവുള്ള ഒരേയൊരു രാജ്യം അമേരിക്കയാണ്.
മറ്റു സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ ബോംബാക്രമണങ്ങളില്‍ നിന്ന് പലായനം ചെയ്ത സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന റഫയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായില്‍ ആക്രമണം നടത്തിയേക്കും. ഗാസ നിവാസികളായ മുഴുവന്‍ ഫലസ്തീനികളും റഫയില്‍ ഒത്തുകൂടിയിരിക്കുകയാണ്. വളരെ ചെറിയ ഒരു ആക്രമണം പോലും റഫയില്‍ നിന്ന് പുറത്തുപോകാന്‍ എല്ലാവരെയും നിര്‍ബന്ധിതരാക്കും. ഇത് ഫലസ്തീന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറും.
ഗാസയിലെ സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. ഗാസ നിവാസികള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കണം. 22 ലക്ഷം ഫലസ്തീനികളെ ഫലസ്തീന് പുറത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുകയാണ്. ഇങ്ങിനെ ഫലസ്തീനികളെ പുറത്താക്കുന്നത് പുതിയ ഒരു ദുരന്തമായിരിക്കും. വെസ്റ്റ് ബാങ്കിനെയും ഗാസയെയും ജറൂസലമിനെയും ഒരു സ്വതന്ത്ര രാഷ്ട്രത്തില്‍ ഒരുമിപ്പിക്കുന്ന രാഷ്ട്രീയ പരിഹാരം അനിവാര്യമാണെന്നും മഹ്മൂദ് അബ്ബാസ് പറഞ്ഞു.