കൊച്ചി- കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന പി.ഡി.പി ചെയർമാൻ അബ്ദുന്നാസർ മഅ്ദനിയുടെ കിഡ്നിയുടെ പ്രവർത്തനം ക്രമേണ സാധാരണ നിലയിലേക്ക് വരുന്നുണ്ടെങ്കിലും തുടർച്ചയായി ഇടയ്ക്കിടെ ഉണ്ടാകുന്നരക്തസമ്മർദ്ദ വ്യതിയാനം ആരോഗ്യനിലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും
പി.ഡി.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് അറിയിച്ചു.
ചില സമയങ്ങളിൽ രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞ് ബോധം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുകയും ഡോക്ടർമാർ യഥാസമയങ്ങളിൽ ചികിത്സകൾ നൽകുകയും ചെയ്തിരുന്നു. ദീർഘകാലമായി തുടരുന്ന ഉയർന്ന അളവിലുള്ള പ്രമേഹം മൂലമുള്ള ഡയബറ്റിക് ന്യൂറോപ്പതി മൂലം ശരീരത്തിലെ രക്തചക്രമണ വ്യവസ്ഥയ്ക്കും ഉണ്ടായ തകരാറുകൾ ശരീരത്തെ ബാധിക്കുന്നുണ്ട് . അത് സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ ഡോക്ടർമാർ നിരന്തരം പരിശോധനകളും ചികിത്സകളും തുടരുന്നുണ്ട്.
ശാരീരിക ക്ഷീണവും വേദനയും മറ്റ് പ്രയാസങ്ങളും അലട്ടുന്നുണ്ട്. മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ നേഫ്രോളജിസ്റ്റ് ഡോ. മുഹമ്മദ് ഇഖ്ബാൽ, നേതൃത്വത്തിൽ കാർഡിയാക് വിഭാഗം തലവൻ ഡോക്ടർ മനൂ വർമ്മ ,യുറോ സർജൻ ഡോ. സച്ചിൻ ജോസഫ്, അനസ്‌തേഷ്യ വിഭാഗം തലവൻ ഡോ. വിനോദൻ,ഡോ.കൃഷ്ണ തുടങ്ങിയവർ തുടർചികിത്സകൾക്കും പരിശോധനകൾക്കും. നേതൃത്വം നൽകി. ഭാര്യ സൂഫിയ മഅ്ദനി,മകൻ അഡ്വ.സലാഹുദ്ധീൻ അയ്യൂബി,ബന്ധു പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് എന്നിവർ ഹോസ്പിറ്റലിൽ അദ്ദേഹത്തോടൊപ്പം ഉണ്ട്.പൂർണ്ണമായ ആരോഗ്യ അവസ്ഥയിലേക്ക് തിരിച്ചെത്താൻ വിശുദ്ധ റമദാനിൽ നിരന്തരം പ്രാർത്ഥനകൾ തുടരണമെന്ന് കുടുംബം അഭ്യർത്ഥിച്ചു