ന്യൂദൽഹി: മഹാകുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ന്യൂദൽഹി റെയിൽവേ സ്റ്റേഷനിൽ മരിച്ചവരുടെ എണ്ണം പതിനെട്ടായി. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമുണ്ട്. ദൽഹിയിലെ എൽ.എൻ.ജെപി ആശുപത്രിയിലെ ചീഫ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ മരണങ്ങൾ സ്ഥിരീകരിച്ചു. എൽ.ജെ.പി ആശുപത്രിയിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളും രണ്ട് പുരുഷന്മാരും മരിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. ലേഡി ഹാർഡിംഗ് ആശുപത്രിയിൽ മൂന്ന് പേർ കൂടി മരിച്ചതായി അധികൃതർ അറിയിച്ചു. റെയിൽവേ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 2.5 ലക്ഷം രൂപയും നിസ്സാര പരിക്കുകൾക്ക് 1 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചു.
സ്റ്റേഷനിലെ 14,15 പ്ലാറ്റ്‌ഫോമുകളിലാണ് അനിയന്ത്രിതമായ തിരക്ക് അനുഭവപ്പെട്ടത്. രാത്രി 8 മണിയോടെ പ്രയാഗ്‌രാജിലേക്കുള്ള ട്രെയിനുകളിൽ കയറാൻ എത്തിയവരെ കൊണ്ട് സ്റ്റേഷൻ നിറഞ്ഞുകവിഞ്ഞിരുന്നു. റെയിൽവേ സ്റ്റേഷനിൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കുകയും ചെയ്തു.
ട്രെയിൻ വന്നിറങ്ങുമ്പോൾ പ്ലാറ്റ്‌ഫോമിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോകളിൽ കാണാം. ട്രെയിനിൽ കയറാൻ തിരക്കുണ്ടായിരുന്നതായും യാത്രക്കാർക്ക് എല്ലാവർക്കും കയറാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ പരിഭ്രാന്തി പരന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നാണ് തിക്കും തിരക്കും ക്രമാതീതമായത്. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.