മധുര- കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റിനെ(സി.പി.ഐ.എം) നയിക്കാൻ കേരളത്തിൽനിന്നുളള എം.എ ബേബി. ഇന്ത്യയുടെ പ്രത്യേക സവിശേഷ സഹചര്യത്തിലാണ് കേരളത്തിൽനിന്നുള്ള പി.ബി അംഗം എം.എ ബേബി സി.പി.എമ്മിനെ നയിക്കാനെത്തുന്നത്. മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സി.പി.എം കേന്ദ്ര കമ്മിറ്റിയാണ് ബേബിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചത്. തുടക്കത്തിൽ ബംഗാൾ ഘടകം എതിർപ്പ് ഉയർത്തിയെങ്കിലും പിന്നീട് ബേബിയെ പിന്തുണച്ചു. ഇ.എം.എസിന് ശേഷം കേരളത്തിൽനിന്ന് സി.പി.എമ്മിന്റെ തലപ്പത്തേക്ക് എത്തുന്ന ആദ്യ മലയാളിയാണ് ബേബി. ഇ.എം.എസുമായി ഏറെ അടുപ്പം പുലർത്തുകയും അദ്ദേഹത്തിന്റെ ശിഷ്യഗണത്തിലെ പ്രമുഖനുമായിരുന്നു ബേബി.
പോളിറ്റ് ബ്യൂറോയില്‍ കേരളം മുന്നോട്ട് വെച്ചത് എം.എ ബേബിയുടെ പേരായിരുന്നു. എന്നാല്‍ അശോക് ധാവ്‌ളയുടെ പേരാണ് പശ്ചിമ ബംഗാള്‍ ഘടകം മുന്നോട്ട് വെച്ചു. പക്ഷേ ഭൂരിപക്ഷ പിന്തുണയും ബേബിക്കായിരുന്നു. ബംഗാൾ ഘടകം പിന്നീട് തങ്ങളുടെ നിർദ്ദേശം പിൻവലിച്ച് ബേബിയെ തന്നെ പിന്തുണക്കാൻ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗത്തില്‍ പ്രകാശ് കാരാട്ടും എം.എ ബേബിയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ പേര് ധാവ്‌ളെ നിര്‍ദേശിച്ചെങ്കിലും ജനറല്‍ സെക്രട്ടറിയാകാനില്ലെന്ന നിലപാടാണ് മുഹമ്മദ് സലീം സ്വീകരിച്ചത്.
കൊല്ലം പ്രാക്കുളം സ്വദേശിയായ ബേബി, 2006 മേയ് 18 മുതൽ 2011 മേയ് 18 വരെ കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മന്ത്രിയായിരുന്നു. അച്യുതാനന്ദൻ മന്ത്രിസഭയിൽ പൊതുവിദ്യാഭ്യാസം, സർവകലാശാലാ വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, കാർഷിക സർവ്വകലാശാല ഒഴിച്ചുള്ള സർവ്വകലാശാലകൾ, പ്രവേശന പരീക്ഷകൾ, എൻ.സി.സി., സാംസ്കാരിക കാര്യങ്ങൾ, പുരാവസ്തു, മൃഗശാലകളും കാഴ്ചബംഗ്ലാവുകളും, കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.

1954 ഏപ്രിൽ 5-നാണ് ബേബി ജനിച്ചത്. അദ്ധ്യാപകനായിരുന്ന കുന്നത്ത് പി.എം. അലക്സാണ്ടറുടെയും ലില്ലിയുടെയും എട്ടു മക്കളിൽ ഇളയവൻ. പ്രാക്കുളം എൻ.എസ്.എസ്. ഹൈസ്കൂൾ, കൊല്ലം എസ്.എൻ.കോളജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി.
കേരള സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെ കേരള രാഷ്ട്രീയത്തിൽ പ്രവേശിച്ച ബേബി എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നീ സംഘടനകളുടെയും ഭാരവാഹിയായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഭവിച്ചു. 32-ആം വയസ്സിൽ രാജ്യസഭാംഗമായ ബേബി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആളുകളിൽ ഒരാളആയി. സി.പി.എം കേന്ദ്ര കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും അംഗമായിരുന്ന ബേബി, കുണ്ടറയിൽ നിന്ന് 2006-ൽ ആദ്യമായി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1986 ലും 1992 ലും രാജ്യസഭാംഗമായിരുന്നു. ക്യൂബൻ ഐക്യദാർഢ്യ സമിതിയുടെ സ്ഥാപക കൺവീനറായിരുന്നു. ദൽഹി കേന്ദ്രമായി സ്വരലയ എന്ന കലാസാംസ്കാരിക സംഘടന രൂപവത്കരിക്കുന്നതിൽ മുൻകയ്യെടുത്തു. ബെറ്റി ലൂയിസ് ആണ് ഭാര്യ. മകൻ: അശോക്.