ദോഹ – തിരക്കേറിയ മെയിന്‍ റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി വാഹനാഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ വിലയേറിയ ലക്ഷ്വറി കാര്‍ സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത് കൂറ്റന്‍ യന്ത്രത്തിലിട്ട് തവിടുപൊടിയാക്കി. കാര്‍ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാത്രിയില്‍ യുവാവ് മെയിന്‍ റോഡില്‍ വാഹനാഭ്യാസ പ്രകടനം നടത്തുന്നതിന്റെയും യുവാവിന്റെ കാര്‍ കസ്റ്റഡിയിലെടുത്ത് കൂറ്റന്‍ യന്ത്രത്തിലിട്ട് കാര്‍ തവിടുപൊടിയാക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പുറത്തുവിട്ടു.
അശ്രദ്ധമായും ആളുകളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിലും വാഹനമോടിക്കുന്നത് ഖത്തര്‍ ട്രാഫിക് നിയമത്തിലെ 57-ാം വകുപ്പ് വിലക്കുന്നു. ഇത്തരം നിയമ ലംഘനങ്ങള്‍ നടത്തുന്നവര്‍ക്ക് ട്രാഫിക് നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം മൂന്നു മാസം മുതല്‍ മൂന്നു വര്‍ഷം വരെ തടവും പതിനായിരം റിയാല്‍ മുതല്‍ അര ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ട്രാഫിക് നിയമ ലംഘകര്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കില്ലെന്നും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പറഞ്ഞു.