- നീതിക്കായി ശബ്ദിച്ച അതുല്യ പോരാളി
മുംബൈ: പ്രശസ്ത നിയമ പണ്ഡിതനും ഗ്രന്ഥകാരനും മനുഷ്യാവകാശ പോരാളിയുമായ എ.ജി നൂറാനി എന്നറിയപ്പെടുന്ന അബ്ദുൽഗഫൂർ മജീദ് നൂറാനി (94) അന്തരിച്ചു. മുംബൈയിൽ വച്ചായിരുന്നു അന്ത്യം. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാൻ ടൈംസ്, ദി ഹിന്ദു, ഡോൺ, ദി സ്റ്റേറ്റ്‌സ്മാൻ, ഫ്രണ്ട്‌ലൈൻ, ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്‌ലി, ദൈനിക് ഭാസ്‌കർ തുടങ്ങിയ നിരവധി മാധ്യമങ്ങളിൽ കോളമിസ്റ്റായിരുന്നു. ആഴത്തിലുള്ള നിയമജ്ഞാനവും വിവിധ വിഷയങ്ങളിലെ അഗാധ പാണ്ഡിത്യവും കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്റെ സാമൂഹ്യ ഇടപെടലുകൾ. എവിടെയും നീതിക്കുവേണ്ടി നിലകൊണ്ട മനുഷ്യാവകാശ പോരാളിയായിരുന്നു അദ്ദേഹം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അപകടങ്ങൾ തുറന്നുകാട്ടാനും അദ്ദേഹം മറുന്നില്ല. ഇന്ത്യയിലെ സങ്കീർണമായ നിയമ രാഷ്ട്രീയ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്നതിനും പരിഹരിക്കുന്നതിനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ സ്മരണീയമാണ്.
ഇന്ത്യയുടെ നയതന്ത്ര ചരിത്രം, ജമ്മു കശ്മീർ പ്രശ്‌നം, ഇന്ത്യൻ ഭരണഘടന തുടങ്ങിയ വിവിധ വിഷയങ്ങളിൽ ഒരു സഞ്ചരിക്കുന്ന സർവ്വ വിജ്ഞാന കോശമായിരുന്നു നൂറാനിയെന്ന് മുതിർന്ന മാധ്യമപ്രവർത്തകൻ സിദ്ധാർഥ് വരദരാജൻ വിശേഷിപ്പിച്ചു. പൗര സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതയ്ക്കും മനുഷ്യാവകാശങ്ങൾക്കും വേണ്ടി നിരന്തരം പോരാടിയ നൂറാനി ശ്രദ്ധേയമായ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത് നിയമചരിത്ര മനുഷ്യാവകാശ രംഗത്തെ പകരം വയ്ക്കാനില്ലാത്ത പ്രതിഭാധനനെയാണെന്ന് പലരും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.
1930 സെപതംബർ 16ന് ബോംബെയിൽ ആണ് ജനനം. മുംബൈയിലെ സെന്റ് മേരീസ് സ്‌കൂളിലെും ഗവണ്മെന്റ് ലോ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. ബദറുദ്ദീൻ തിയാബ്ജി, ഡോ. സക്കീർ ഹുസൈൻ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്രങ്ങൾ എഴുതിയത് നൂനാനിയാണ്. ദി കശ്മീർ ക്വസ്റ്റ്യൻസ്, ദ ആർ.എസ്.എസ് ആൻഡ് ബി.ജെ.പി: എ ഡിവിഷൻ ഓഫ് ലേബർ, മിനിസ്റ്റേഴ്‌സ് മിസ്‌കോണ്ടക്ട്, ദ ട്രയൽ ഓഫ് ഭഗത്സിങ്, കോൺസ്റ്റിറ്റിയൂഷണൽ ക്വസ്റ്റ്യൻസ് ഓഫ് ഇന്ത്യ തുടങ്ങിയ പുസ്തകങ്ങളും അദ്ദേഹത്തിന്റേതാണ്. ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീംകോടതിയുടെ വിധി സംബന്ധിക്കുന്ന ഒരു പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു അവസാന നാളുകളിൽ അദ്ദേഹം.