ന്യൂഡൽഹി: സ്ത്രീത്വത്തെ അപമാനിച്ച മുകേഷ്, എം.എൽ.എ സ്ഥാനം രാജിവെച്ച് ഒഴിയണമെന്നും മുതിർന്ന നടന്മാരായ മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും മൗനം അമ്പരപ്പിക്കുന്നതാണെന്നും നടി സുപർണ ആനന്ദ് പറഞ്ഞു.
ലൈംഗികാതിക്രമത്തിന് കേസെടുത്തിട്ട് പോലും എം.എൽ.എ സ്ഥാനത്ത് തുടരുന്നത് അങ്ങേയറ്റം പരിഹാസ്യമാണ്. മലയാള ചലച്ചിത്ര മേഖലയിൽനിന്നുൾപ്പെടെ കയ്‌പേറിയ അനുഭവങ്ങളുണ്ടായതിനാലാണ് സിനിമ ഉപേക്ഷിക്കേണ്ടി വന്നതെന്നും തെറ്റ് തെറ്റാണെന്ന് പറയാനുള്ള ആർജവം മമ്മൂട്ടിയും മോഹൻലാലും കാണിക്കണമെന്നും നടി ആവശ്യപ്പെട്ടു.
കേരളത്തിൽനിന്നടക്കം പല തരത്തിലുള്ള സമ്മർദ്ദങ്ങളാണ് തനിക്കു നേരെ ഉണ്ടായത്. എന്നാൽ അത്തരം സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തതിനാലാണ് സിനിമ തന്നെ വിടേണ്ടി വന്നതെന്നും അവർ പറഞ്ഞു. കാസ്റ്റിംഗ് കൗച്ചടക്കമുള്ള പ്രവണതകൾ അന്നേ സിനിമയിലുണ്ട്. ഉപദ്രവിച്ചവരുടെ പേര് പുറത്ത് പറയാൻ നടിമാർ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നു. പരാജയമായതുകൊണ്ടാണ് അമ്മ ഭരണസമിതിക്ക് രാജി വയ്‌ക്കേണ്ടി വന്നത്. എല്ലാവരെയും ഉൾക്കൊണ്ടു വേണം അമ്മയുടെ പുതിയ ഭരണസമിതി മുമ്പോട്ട് പോകാൻ. സ്ത്രീകളും ഭരണസാരഥ്യത്തിലുണ്ടാകണമെന്നും നടി ഓർമിപ്പിച്ചു.
ഭരതൻ സംവിധാനം ചെയ്ത വൈശാലിയും, പത്മരാജൻ സംവിധാനം ചെയ്ത ഞാൻ ഗന്ധർവനും അടക്കം വെറും നാലു സിനിമകൾകൊണ്ടുതന്നെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം പിടിച്ച നടിയാണ് സുപർണ ആനന്ദ്. താരപ്രഭയിൽ കുളിച്ചുനിൽക്കവെയായിരുന്നു സിനിമയിൽനിന്നുള്ള നടിയുടെ പൊടുന്നനെയുള്ള പിൻമാറ്റം. ഹേമ കമ്മിറ്റിക്കു പിന്നാലെയുള്ള പുതിയ സംഭവികാസങ്ങൾ മലയാള സിനിമയുടെ അടക്കം നവീകരണത്തിന് വലിയ മുതൽക്കൂട്ടാവട്ടെയെന്നാണ് നടി പറയുന്നത്.