വാഷിംഗ്ടൺ– ഇറാനു മുന്നിൽ ന്യായമായ ഒരു ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്ക വെച്ചിട്ടുണ്ടെന്നും ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം നാളെ പാകിസ്ഥാനിലേക്ക് പോകുമെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഈ കരാർ ഏതെങ്കിലും രീതിയിൽ യാഥാർത്ഥ്യമാകുമെന്നും ഇറാന് മുന്നിലുള്ള അവസാന അവസരമാണിതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്കിൽ വെടിനിർത്തൽ കരാർ ലംഘിച്ച് ഇറാൻ കപ്പലുകൾക്ക് നേരെ വെടിവെപ്പ് നടത്തിയതായും ഫ്രഞ്ച്, ബ്രിട്ടീഷ് കപ്പലുകളെ ആക്രമിച്ചതായും ട്രംപ് കുറ്റപ്പെടുത്തി. ഹുർമുസ് കടലിടുക്ക് അടച്ചിടാനുള്ള ഇറാന്റെ തീരുമാനം വിചിത്രമാണെന്നും ഇത് ഇറാനുതന്നെയാണ് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കടലിടുക്ക് അടയ്ക്കുന്നത് വഴി പ്രതിദിനം 50 കോടി ഡോളർ വരെ ഇറാന് നഷ്ടമുണ്ടാകുമെങ്കിലും അമേരിക്കയ്ക്ക് ഇതുകൊണ്ട് നിലവിൽ ഒരു പ്രത്യാഘാതവുമില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ എണ്ണക്കപ്പലുകൾ ടെക്‌സസ്, ലൂസിയാന, അലാസ്‌ക എന്നിവിടങ്ങളിലെ തുറമുഖങ്ങൾ വഴി സുരക്ഷിതമായി സർവീസ് നടത്തുന്നുണ്ട്. അതിനാൽത്തന്നെ ഇറാനെതിരായ ഉപരോധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ വൈകുന്നേരം ഇസ്ലാമാബാദിലെത്തുന്ന യുഎസ് സംഘം മുന്നോട്ടുവെക്കുന്ന നിർദ്ദേശങ്ങൾ ഇറാൻ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് പറഞ്ഞു.
അമേരിക്ക നൽകിയ ഓഫർ ഇറാൻ നിരസിക്കുകയാണെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ദയ കാണിക്കേണ്ട സമയം കഴിഞ്ഞുവെന്നും കഴിഞ്ഞ 47 വർഷമായി മറ്റ് അമേരിക്കൻ പ്രസിഡന്റുമാർ ചെയ്യേണ്ടിയിരുന്ന കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് പാകിസ്ഥാനിലേക്ക് പോകില്ലെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും, വാൻസിനൊപ്പം പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്‌നർ എന്നിവർ സംഘത്തിലുണ്ടാകുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, തങ്ങളുടെ കപ്പലുകൾക്കും തുറമുഖങ്ങൾക്കും മേലുള്ള ഉപരോധം നീക്കാതെ ചർച്ചയ്ക്കില്ലെന്ന കർശന നിലപാടിലാണ് ഇറാൻ.



