മലപ്പുറം- മാൻഹോളിൽ ഒരു മനുഷ്യൻ വീണു മരിച്ചപ്പോൾ അതിൽ വർഗീയ പ്രസ്താവന ഇറക്കിയ ആളാണ് വെള്ളാപ്പള്ളി നടേശനെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറത്തിന് എതിരെ പ്രസ്താവന ഇറക്കിയ വെള്ളാപ്പള്ളിക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും ലഭിച്ചില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശ്രദ്ധ കിട്ടാനും വാർത്തയിൽ ഇടം ലഭിക്കാനും രാഷ്ട്രീയ നേട്ടത്തിനും വേണ്ടിയാണ് വെള്ളാപ്പള്ളി പ്രസ്താവന ഇറക്കുന്നത്. ഉള്ള പിന്തുണ പോലും ഇല്ലാതാക്കാനേ ഇത്തരത്തിലുള്ള പ്രസ്താവന ഉപകരിക്കൂ എന്ന കാര്യം വെള്ളാപ്പള്ളിയെ പിന്തുണക്കുന്നവർ മനസിലാക്കുന്നില്ല. കേരളത്തെ പറ്റി ഇവർക്ക് അറിയില്ല. ഇത്തരം വൃത്തിക്കെട്ട പ്രസ്താവന വരുമ്പോൾ സമൂഹം തന്നെ ഒറ്റക്കെട്ടായി പ്രതികരിക്കും. ഞാൻ അതിന് പ്രത്യേകമായി പറയേണ്ടതില്ല. മലപ്പുറത്ത് ഒരു സമുദായത്തിന് മാത്രമേ ജീവിക്കാനാകൂ എന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന സംബന്ധിച്ച് ചോദിച്ചപ്പോൾ നിങ്ങളൊക്കെ മലപ്പുറത്തല്ലേ ജീവിക്കുന്നത്, അങ്ങിനെ തോന്നിയിട്ടുണ്ടോ എന്നായിരുന്നു മറുപടി.
അതേസമയം, മലപ്പുറത്തിന് എതിരായ പ്രസ്താവനയിൽ ഇന്നും വെള്ളാപ്പള്ളി ഉറച്ചുനിന്നു. പ്രസ്താവനയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുകയാണ് എന്നായിരുന്നു വെള്ളാപ്പള്ളി ഇന്ന് പറഞ്ഞത്.