ന്യൂയോർക്ക്- കഴിഞ്ഞ വേനൽക്കാലത്ത് ഏകദേശം 4,000 പേരുടെ മരണത്തിനിടയാക്കിയ കടുത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലുകളും നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട് മുപ്പതോളം ഉദ്യോഗസ്ഥർക്ക് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ വധശിക്ഷ നടപ്പാക്കിയതായി റിപ്പോർട്ട്. ചോസൻ ടിവി ഉൾപ്പെടെയുള്ള ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, കഴിഞ്ഞ മാസം അവസാനമാണ് വധശിക്ഷ നടപ്പാക്കിയത്.
വെള്ളപ്പൊക്കം മൂലമുണ്ടായ ജീവഹാനിക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്ക് കർശനമായ ശിക്ഷ നടപ്പാക്കാൻ കിം ജോങ് ഉൻ ആവശ്യപ്പെട്ടതായി ഉത്തര കൊറിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ചോസുൻ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി, കൃത്യനിർവ്വഹണം എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വധിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല.
വെള്ളപ്പൊക്കത്തിന് ശേഷം പ്രവിശ്യയിലെ ഉദ്യോഗസ്ഥർ എപ്പോൾ കഴുത്തിൽ കയർ വീഴുമെന്ന് അറിയാത്ത വിധം ആകാംക്ഷയിലാണെന്ന് ഉത്തര കൊറിയൻ മുൻ നയതന്ത്രജ്ഞൻ ലീ ഇൽ-ഗ്യു അഭിപ്രായപ്പെട്ടിരുന്നു.