തെഹ്‌റാന്‍ – ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലുണ്ടായ വ്യോമാക്രമണത്തില്‍ പ്രമുഖ ഇറാന്‍ നേതാവ് കമാല്‍ ഖരാസിക്ക് ഗുരുതരമായി പരിക്കേറ്റതായും ഭാര്യ കൊല്ലപ്പെട്ടതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കന്‍, ഇസ്രായിലി വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഖരാസിയുടെ വീടിനു നേരെ നടത്തിയ ആക്രമണത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഖരാസിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഇയുടെ ഏറ്റവും അടുത്ത വിശ്വസ്തരില്‍ ഒരാളായി ഖരാസി കണക്കാക്കപ്പെടുന്നു. രാജ്യത്തിന്റെ ഉന്നത നേതൃത്വത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന, ഇറാന്റെ വിദേശനയം രൂപപ്പെടുത്തുന്നതിന്റെ ചുമതലയുള്ള ഉപദേശക സമിതിയായ സ്ട്രാറ്റജിക് കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സ് തലവനാണ് അദ്ദേഹം. ഖരാസി 1997 മുതല്‍ 2005 വരെ ഇറാന്‍ വിദേശ മന്ത്രിയായും അതിനുമുമ്പ് ഐക്യരാഷ്ട്രസഭയിലെ ഇറാന്റെ സ്ഥിരം പ്രതിനിധിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇത് അദ്ദേഹത്തെ ഇറാന്‍ ഭരണകൂടത്തിലെ ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരില്‍ ഒരാളാക്കി മാറ്റി. ആക്രമണത്തിന്റെ വിശദാംശങ്ങളെ കുറിച്ചോ അതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ചോ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്ന് ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.



