ന്യൂഡൽഹി– ദ കേരള സ്റ്റോറി -2 എന്ന പേരിൽ അവതരിപ്പിക്കുന്ന സിനിമയിൽ പ്രചരണത്തിന്റെ ഭാഗമായി നിർബന്ധിത മതപരിവർത്തനത്തിന്റെ ഇരകളെന്ന് അവകാശപ്പെട്ട് അണിയറ പ്രവർത്തകർ പങ്കെടുപ്പിച്ചത് 37 ഉത്തരേന്ത്യക്കാരെ. ഫെബ്രുവരി 24ന് ഡൽഹിയിൽ വെച്ചാണ് പ്രമോഷൻ പരിപാടി സംഘടിപ്പിച്ചത്. കേരളത്തിന്റെ കഥയാണെന്ന് അവകാശപ്പെട്ട് ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ നിരവധിയാളുകൾ രൂക്ഷ വിമർശനവുമായി രംഗത്തു വന്നിരുന്നു. ഇരകളാണെന്ന് കാണിച്ച് സിനിമ പ്രമോഷനിൽ പങ്കെടുപ്പിച്ച യുവതികൾ രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. തങ്ങളെ പ്രണയം നടിച്ച് വഞ്ചിക്കുകയും മതം മാറാൻ നിർബന്ധിക്കുകയും ചെയ്തതായി ഇവർ ആരോപിക്കുന്നു.
സിനിയുടെ നിർമ്മാതാവ് അമൃത്‌ലാൽ ഷായും സംവിധായകൻ കാമാഖ്യ നാരായണനും സിനിമക്ക് എതിരെയുള്ള വിമർശനങ്ങളോട് പ്രതികരിച്ചു. സിനിമ കേരളത്തിന് എതിരല്ലെന്നും ഇവിടെ തുടങ്ങിയെന്ന് പറയപ്പെടുന്ന പ്രശ്‌നങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് എങ്ങനെ വ്യാപിച്ചു എന്നാണ് സിനിമയിലൂടെ കാണിക്കാൻ ശ്രമിക്കുന്നതെന്നും ന്യായീകരിച്ചു.
ആദ്യ സിനിമയായ ദ കേരള സ്റ്റോറിയിൽ കേരളത്തിൽ നിന്ന് 32,000ത്തോളം സ്ത്രീകൾ മതം മാറി ഐ.എസ് ഭീകരസംഘനടയിൽ ചേർന്നു എന്നായിരുന്നു അവകാശവാദം. എന്നാൽ എൻഐഎ അടക്കമുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം ഇത്തരം കേസുകളിൽ അറസ്റ്റിലായവരുടെ എണ്ണം വളരെ കുറവാണ്. ദ കേരളസ്‌റ്റോറി -2 ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ കണ്ണൂർ സ്വദേശിയായ ശ്രീദേവ് നമ്പൂതിരി ഹരജി നൽകിയിരുന്നു. സംസ്ഥാനത്തെ മനപൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് കേരള സ്റ്റോറി എന്ന പേര് നൽകുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് ഹർജിയിൽ വ്യക്തമാക്കി. ഹരജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേന്ദ്ര സർക്കാറിനും സെൻസർ ബോർഡിനും സിനിമയുടെ നിർമ്മാതാവിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. ഈ വിഷയത്തിൽ ഇന്ന് വീണ്ടും വാദം കേൾക്കും.



