കൊച്ചി. കനത്ത ജോലിസമ്മര്‍ദ്ദവും മേലുദ്യോഗസ്ഥര്‍ അടിച്ചേല്‍പ്പിക്കുന്ന അധികജോലികളും കാരണം ആരോഗ്യം ക്ഷയിച്ച് മലയാളി യുവതിക്ക് അകാല മരണം സംഭവിച്ചതിനെ തുടര്‍ന്ന് ബഹുരാഷ്ട്ര കണ്‍സല്‍ട്ടന്‍സി, ഓഡിറ്റ് കമ്പനിയായ ഇ.വൈക്കെതിരെ അമ്മ എഴുതിയ കത്ത് ചര്‍ച്ചയായി. മലയാളിയായ അന്ന സെബാസ്റ്റ്യന്‍ ആണ് ജൂലൈ 20ന് പൂനെയില്‍ മരിച്ചത്. ആദ്യമായി ലഭിച്ച ജോലിയില്‍ നാലു മാസം പിന്നിട്ടപ്പോഴേക്കും ജോലിഭാരം കാരണം ഉറക്കവും ഭക്ഷണവുമില്ലാതെ ആരോഗ്യം ക്ഷയിച്ച് തന്റെ മകള്‍ക്ക് ജീവന്‍ നഷ്ടമായെന്നും ജോലിക്കാരുടെ ജീവനെടുക്കുന്ന ഈ തൊഴില്‍രീതിയും സംസ്‌കാരവും മാറ്റണമെന്നും ആവശ്യപ്പെട്ട് അന്നയുടെ അമ്മ അനിത അഗസ്റ്റിനാണ് ഇ.വൈ ഇന്ത്യയുടെ ചെയര്‍മാന് കത്തെഴുതിയത്. അന്നയുടെ അന്ത്യകര്‍മങ്ങളില്‍ കമ്പനിയില്‍ നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ലെന്നും അവര്‍ പറയുന്നു.
ജോലി ചെയ്യുന്ന മനുഷ്യരെ പരിഗണിക്കാതെ, അവര്‍ ചെയ്യുന്ന അധികജോലിയെ മഹത്വവല്‍ക്കരിക്കുന്ന പ്രവണതയാണ് ഉള്ളതെന്നും അവസാനിപ്പിക്കണമെന്നും ഇ.വൈ ഉന്നത ഉദ്യോഗസ്ഥരോട് അനിത ആവശ്യപ്പെട്ടു. തന്റെ മകളുടെ മരണം ഇതിനൊരു കാരണമാകട്ടെയെന്നും അവര്‍ ചൂണ്ടിക്കാട്ടി. താന്‍ ആകെ തകര്‍ന്നിരിക്കുകയാണെന്നും ഹൃദയഭാരം ഒഴിഞ്ഞിട്ടില്ലെന്നും എങ്കിലും ഇനിയൊരു കുടുംബത്തിനും ഇതുപോലെ ഒരു അവസ്ഥയിലൂടെ കടന്നു പോകാന്‍ ഇടവരരുത് എന്നത് കൊണ്ടാണ് ഇപ്പോള്‍ ഈ കത്തെഴുതുന്നതെന്നും അവര്‍ പറയുന്നു.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് പൂനെയില്‍ ഇ.വൈയില്‍ അന്ന തന്റെ ആദ്യ ജോലിയില്‍ പ്രവേശിച്ചത്. ആദ്യ ജോലി എന്ന പരിഗണനയൊന്നുമില്ലാതെ തുടക്കം മുതല്‍ തന്നെ മേലുദ്യോഗസ്ഥര്‍ അമിതമായി ജോലി ചെയ്യിച്ചിരുന്നു. രാത്രി വൈകിയും ഞായറാഴ്ച പോലും ഒഴിവുണ്ടായിരുന്നില്ല. എങ്കിലും ഇതെല്ലാം വളരാനുള്ള അവസരമാണെന്ന് പറഞ്ഞ് അന്ന കഴിവതും കഠിനപരിശ്രമം തുടര്‍ന്നു. അന്ന ജോലി ചെയ്തിരുന്ന ടീമില്‍ പുതുതായി എത്തുന്നവര്‍ ആരും ജോലി സമ്മര്‍ദ്ദം കാരണം അധികാലം തുടരാറുണ്ടായിരുന്നില്ല. ഈ ദുഷ്‌പേര് മാറ്റിയെടുക്കണമെന്ന് ടീമിനെ നയിക്കുന്ന മേലുദ്യോഗസ്ഥ അന്നയോട് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് ആരോഗ്യസ്ഥിതി പോലും നോക്കാതെ അന്ന ജോലി ചെയ്തതെന്ന് അമ്മ പറയുന്നു. പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്ന അന്ന സിഎ പരീക്ഷയിലും ഉന്നത വിജയമാണ് നേടിയത്. വൈകാതെ ഇ.വൈയില്‍ ജോലിയും ലഭിച്ചു. എന്നാല്‍ പുതിയ ജോലി സ്ഥലത്തെ മണിക്കൂറുകള്‍ നീണ്ട ജോലിയും ജോലിഭാരവും പുതിയ അന്തരീക്ഷവും കാരണം അന്ന ശാരീരികമായും മാനസികമായും വൈകാരികമായും തളരുകയായിരുന്നു. ഉറക്കമില്ലായ്മ, ഉത്കണ്ഠ എന്നീ അസുഖങ്ങള്‍ ബാധിച്ചിരുന്നു. എങ്കിലും വിജയത്തിനു വേണ്ടി അവള്‍ പൊരുതി നോക്കി, കഠിനാധ്വാനവും ക്ഷമയും വിജയത്തിലെത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു, അമ്മ പറഞ്ഞു.
സിഎ ബിരുദധാന ചടങ്ങിനായി പൂനെയിലെത്തിയപ്പോഴാണ് മകളുടെ അവസ്ഥ നേരിട്ട് കണ്ടത്. ചടങ്ങില്‍ പങ്കെടുക്കാന്‍ അച്ഛനും അമ്മയും ജൂലൈ ആറിന് പൂനെയിലെത്തിയിരുന്നു. അന്ന് രാത്രി വൈകി ഒരു മണിയോടെ താമസ്ഥലത്തെത്തിയ അന്ന നെഞ്ചുവേദനയുള്ളതായി പറഞ്ഞിരുന്നു. ഉടന്‍ ആശുപത്രിയില്‍ കാണിച്ചു. ഇസിജിയില്‍ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ വൈകി ഭക്ഷണം കഴിക്കുന്നതും മതിയായി ഉറങ്ങാത്തതും പ്രശ്‌നമാണെന്ന് കാര്‍ഡിയോളജിസ്റ്റ് പറഞ്ഞിരുന്നു. ഡോക്ടര്‍ മരുന്നെഴുതിയതോടെ സമാധാനമായിരുന്നു. ഞങ്ങള്‍ കൊച്ചിയില്‍ വന്ന ദിവസമായിരുന്നിട്ടും, ഡോക്ടറെ കണ്ട ഉടനെ ആ രാത്രിയില്‍ വീണ്ടും അന്ന ജോലിക്കു പോയി. തൊട്ടടുത്ത ദിവസമാണ് ബിരുദദാന ചടങ്ങ്. അന്ന് രാവിലെയാണ് അവള്‍ ഓഫീസില്‍ നിന്ന് തിരിച്ചെത്തിയത്. എന്നിട്ടും ഉച്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്തു കൊണ്ടിരുന്നു. എല്ലാം കഴിഞ്ഞ് ചടങ്ങിന് വൈകിയാണ് ഞങ്ങളെത്തിയത്- അമ്മ പറയുന്നു.
അന്നയുടെ മാനേജര്‍മാര്‍ പലപ്പോഴും ഔദ്യോഗിക ജോലികള്‍ അല്ലാത്ത ജോലികളും ചെയ്യിച്ചിരുന്നു. വരാന്ത്യങ്ങളില്‍ പോലും അവര്‍ക്കു വേണ്ടി ഒഴിവില്ലാതെ ജോലി ചെയ്തു. ഒരിക്കല്‍ ഒരു മാനേജര്‍ രാത്രി വിളിച്ച് രാവിലത്തേക്ക് തീര്‍ക്കണമെന്ന് പറഞ്ഞ് ജോലി ഏല്‍പ്പിച്ചിരുന്നു. ഇങ്ങനെ വിശ്രമത്തിനും ഭക്ഷണം കഴിക്കാനും ശ്വാസം വിടാന്‍ പോലും സമയം നല്‍കാതെ ജോലി ചെയ്യിപ്പിച്ചു. പലപ്പോഴും തളര്‍ന്നാണ് വീട്ടില്‍ തിരിച്ചെത്താറുള്ളത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന ജോലിക്കാരോട് ഇ.വൈ പോലുള്ള ഒരു കമ്പനി ഇങ്ങനെ ഒരിക്കലും ചെയ്യരുത്. മനുഷ്യത്വം മറന്ന് ഈ അമിത ജോലിയെ മഹത്വവല്‍ക്കരിക്കുന്നു എന്നാണ് അന്നയുടെ അനുഭവം കാണിക്കുന്നത്. ഒരുപാട് സ്വപ്‌നങ്ങളുടമായി ജോലിക്കെത്തുന്ന യുവ പ്രൊഫഷനലുകളെ ഇങ്ങനെ ഞെക്കിഞെരുക്കരുത്. അന്നയുടെ മരണം ഇ.വൈയുടെ കണ്ണു തുറപ്പിക്കണം. നിങ്ങളുടെ സ്ഥാപനത്തിലെ ജോലിരീതികള്‍ വിലയിരുത്താന്‍ സമയമായി. ജീവനക്കാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന അര്‍ത്ഥവത്തായ നടപടികള്‍ ഉണ്ടാകണം- കത്തില്‍ അനിത ആവശ്യപ്പെട്ടു.