ഹൈദരാബാദ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം-ബംഗാൾ കലാശപ്പോര്. ഹൈദരാബാദിലെ ജി.എം.സി. ബാലയോഗി സ്‌റ്റേഡിയത്തിൽ നടന്ന സെമിയിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിൽ എത്തിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ കേരളം രണ്ടു ഗോളുകൾ അടിച്ചിരുന്നു. നസീബ് റഹ്‌മാൻ (21), മുഹമ്മദ് അജ്സൽ (45) എന്നിവരാണ് കേരളത്തിനായി ആദ്യ പകുതിയിൽ വലകുലുക്കിയത്.
29 -മത് മിനിറ്റിൽ ലഭിച്ച പെനാൽറ്റി കിക്കിലൂടെ നേടിയ ഗോളാണ് മണിപ്പൂരിന് ആശ്വാസമായത്. രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി നേടി കേരളം മണിപ്പൂരിനെ തകർത്തുവിട്ടു. 72ആം മിനുട്ടിൽ പകരക്കാരനായി എത്തിയ എത്തിയ മുഹമ്മദ് റോഷലിൻ്റെ ഗോൾ കേരളത്തിൻ്റെ വിജയം ഉറപ്പിച്ചു. പെനാൽറ്റി ബോക്‌സിന് പുറത്തു നിന്നുള്ള ഷോട്ടിൽ നിന്നാണ് റോഷൽ തൻന്റെ ഗോൾ നേടിയത്. 87ആം മിനുട്ടിൽ റോഷൽ തന്റെ രണ്ടാം ഗോളും നേടി. 96ആം മിനുട്ടിൽ പെനാൽറ്റിയിലൂടെ റോഷൽ ഹാട്രിക്കും സ്വന്തമാക്കി.
പരാജയം അറിയാതെയാണ് ഇക്കുറി കേരളവും മണിപ്പൂരും സന്തോഷ് ട്രോഫിയുടെ സെമി വരെ എത്തിയത്. വെള്ളിയാഴ്‌ച നടന്ന ക്വാർട്ടറിൽ ജമ്മു കാശ്മീരിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് കേരളം സെമിയുറപ്പിച്ചത്.

നിലവിലെ ചാമ്പ്യന്മാരായ സർവീസസിനെ 4-2ന് പരാജയപ്പെടുത്തിയാണ് പശ്ചിമ ബംഗാൾ ഫൈനലിൽ കടന്നത്. 32 തവണ കിരീടം നേടിയ ടീമാണ് പശ്ചിമബംഗാൾ. പതിനാറാമത്തെ മിനിറ്റിൽ മനോതോസ് മാജിയുടെ ഗോളിലൂടെ പശ്ചിമ ബംഗാൾ ഗോൾ വേട്ടക്ക് തുടക്കം കുറിച്ചത്. റോബി ഹൻസ്‌ദയും നരോ ഹരി ശ്രേഷ്ഠയും ആദ്യ പകുതിയിൽ ഓരോ ഗോൾ വീതം നേടി. ഇതോടെ ആദ്യപകുതിയിൽ തന്നെ ബംഗാളിന് ഏകപക്ഷീയമായ മൂന്നു ഗോൾ സ്വന്തമാക്കാനായി.
രണ്ടാം പകുതിയിൽ 53 -മത് മിനിറ്റിൽ പകരക്കാരനായ ബികാഷ് ഥാപ്പയുടെ ഗോളിൽ സർവീസസ് തിരിച്ചടിച്ചു.
74-ാം മിനിറ്റിൽ പശ്ചിമ ബംഗാൾ ഡിഫൻഡർ ജുവൽ അഹമ്മദ് മജുംദറിലൂടെ പശ്ചിമബംഗാൾ സെൽഫ് ഗോൾ വഴങ്ങി. ഇതോടെ മത്സരം 3-2 എന്ന നിലയിലായി. എന്നാൽ അധിക സമയത്ത് പശ്ചിമബംഗാളിന്റെ റോബി തന്റെ രണ്ടാം ഗോളും ടൂർണമെന്റിലെ പതിനൊന്നാം ഗോളും നേടി ബംഗാളിന് ആധികാരിക ജയം സമ്മാനിച്ചു.