ന്യൂദൽഹി:മോദിക്കും ബി.ജെ.പിക്കും എതിരെ, പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണിയുടെ പോരാട്ടങ്ങൾക്ക് പുതിയ കരുത്തു പകർന്നാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് വൈകിട്ട് ദൽഹിയിലെ തിഹാർ ജയിലിൽനിന്ന് പുറത്തിറങ്ങിയത്. കെജ്രിവാളിന് ജാമ്യം ലഭിച്ചുവെന്ന് അറിഞ്ഞതോടെ തിഹാർ ജയിലിന്റെ പരിസരത്ത് ആം ആദ്മി പ്രവർത്തകർ നിറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടാണ് തിഹാർ ജയിൽ പരിസരം ജനസാഗരമായത്. അവർ കെജ്രിവാളിന് വേണ്ടി ആർപ്പുവിളിച്ചും മോഡിക്കെതിരെ മുദ്രാവാക്യം വിളിച്ചും അന്തരീഷത്തിൽ പ്രകമ്പനം സൃഷ്ടിച്ചു.
അമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം പുറത്തിറങ്ങിവരുമ്പോഴും കെജ്രിവാളിന്റെ പോരാട്ടവീര്യത്തിന് ഒരു കുറവുമുണ്ടായിരുന്നില്ല. ജയിൽ നൽകിയ അനുഭവങ്ങൾ മോദിക്കും ബി.ജെ.പിക്കും എതിരായ പുതിയ പോരാട്ടത്തിന് കരുത്തായി മാറുകയും ചെയ്യും. ജയിലിൽനിന്ന് പുറത്തിറങ്ങിയ ഉടൻ ചുറ്റിലും തടിച്ചുകൂടിയ പ്രവർത്തകരോടെ കെജ്രിവാൾ പറഞ്ഞതും ഇക്കാര്യം തന്നെയായിരുന്നു.
‘ഞാൻ തിരിച്ചെത്തിയിരിക്കുന്നു. ഞാൻ വരുമെന്ന് നിങ്ങളോട് പറഞ്ഞിരുന്നില്ലേ. എനിക്കുള്ളതെല്ലാം ഉപയോഗിച്ച് ഞാൻ സ്വേച്ഛാധിപത്യത്തിനെതിരെ പോരാടുകയാണ്, ഇപ്പോൾ ഇന്ത്യയിലെ 140 കോടി ജനങ്ങളും ആ പോരാട്ടത്തിൽ പങ്കാളികളാകണം. നാളെ രാവിലെ 11 മണിക്ക്, ഞങ്ങൾ എല്ലാവരും കൊണാട്ട് പ്ലേസിലെ ഹനുമാൻ മന്ദിറിലേക്ക് പോകും, തുടർന്ന് ഉച്ചയ്ക്ക് 1 മണിക്ക് പാർട്ടി ഓഫീസിൽ ഒരു പത്രസമ്മേളനം ഉണ്ടാകും. നിങ്ങളെല്ലാവരോടും ഹനുമാൻ മന്ദിറിലേക്ക് വരാൻ ഞാൻ അഭ്യർത്ഥിക്കുന്നുവെന്നും കെജ്രിവാൾ പറഞ്ഞു.
കെജ്രിവാളിന്റെ ഭാര്യ സുനിത, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ തുടങ്ങി ആയിരങ്ങളാണ് ജയിലിന് പുറത്ത് തടിച്ചുകൂടിയത്. മുതിർന്ന എഎപി നേതാക്കൾ തിഹാർ ജയിലിന് പുറത്ത് ലഡു വിതരണം ചെയ്തു.
ഇപ്പോൾ എല്ലാവരും സന്തോഷത്തിലാണ്. കെജ്രിവാൾ പുറത്തിറങ്ങിയിരിക്കുന്നു. തങ്ങളുടെ മുഖ്യമന്ത്രിയെ ഭരണഘടനാ വിരുദ്ധമായി അറസ്റ്റ് ചെയ്തതെങ്ങനെയെന്ന് എല്ലാവർക്കും അറിയാമെന്നും ജയിലിന് പുറത്ത് എംസിഡി മേയർ ഷെല്ലി ഒബ്‌റോയ് പറഞ്ഞു.
കെജ്രിവാളിന് ജാമ്യം നിഷേധിക്കാൻ അവസാനം വരെ ഇ.ഡി വലിയ നീക്കങ്ങളാണ് നടത്തിയിരുന്നത്. ഒടുവിൽ ജാമ്യം ലഭിക്കുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിൽനിന്ന് വിലക്കണം എന്ന ആവശ്യം ഇ.ഡി മുന്നോട്ടുവെച്ചു. അതും സുപ്രീം കോടതി അംഗീകരിച്ചില്ല.
ജയിലിൽനിന്നുള്ള കെജ്രിവാളിന്റെ തിരിച്ചുവരവ് ബി.ജെ.പിക്ക് ചെറുതല്ലാത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുക. ഇതേവരെയുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് പ്രതീക്ഷിച്ച മുന്നേറ്റം കൈവരിക്കാനായിട്ടില്ല. അരവിന്ദ് കെജ്രിവാൾ കൂടി തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കാളിയാകുന്നതോടെ പഞ്ചാബ്,ദൽഹി, ഹരിയാന, ഗുജറാത്ത് എന്നിവടങ്ങളിൽ ബി.ജെ.പി കൂടുതൽ പ്രതിരോധത്തിലാകും.