ലണ്ടൻ – കൺസർവേറ്റീവ് പാർട്ടിയുടെ പതിനാലു വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബ്രിട്ടനിൽ ലേബർ പാർട്ടിക്ക് അതിഗംഭീര വിജയം. 650 അംഗ പാർലമെന്റിൽ 420-ലേറെ സീറ്റുകളിലാണ് ഇതേവരെ ലേബർ പാർട്ടി മുന്നേറിയത്. കെയിർ സ്റ്റാമർ നയിക്കുന്ന ലേബർ പാർട്ടിക്ക് എക്സിറ്റ് പോളുകൾ വൻ വിജയം പ്രവചിച്ചിരുന്നു. 2019ൽ 365 സീറ്റ് നേടിയ കൺസർവേറ്റിവ് പാർട്ടി ഇത്തവണ 131ലേക്ക് ഒതുങ്ങും.
പാർട്ടിയിൽ വിശ്വാസമർപ്പിക്കുകയും വോട്ട് ചെയ്യുകയും ചെയ്ത എല്ലാവർക്കും സമൂഹമാധ്യമത്തിലൂടെ സ്റ്റാമർ നന്ദിയും അറിയിച്ചു.
“ഈ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചു, വിജയത്തിൽ അഭിനന്ദിക്കാൻ ഞാൻ കെയിർ സ്റ്റാമറെ വിളിച്ചിരുന്നുവെന്ന് നിലവിലുള്ള പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. അതേസമയം, ഋഷി സുനക് തന്റെ സീറ്റ് നിലനിർത്തി. അധികാരം സമാധാനപരമായും ചിട്ടയായും നല്ല മനസ്സോടെയും കൈ മാറുമെന്നും തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ഋഷി സുനക് പറഞ്ഞു.
മാറ്റം ഇവിടെ തുടങ്ങുന്നുവെന്നും ശീയ നവീകരണത്തിൻ്റെ ഒരു ദശാബ്ദം വാഗ്ദാനം ചെയ്യുന്നുവെന്നും പറഞ്ഞ കെയർ സ്റ്റാർമർ, രാജ്യത്തിനാണ് ഒന്നാം സ്ഥാനമെന്നും പാർട്ടി രണ്ടാമതാണെന്നും വ്യക്തമാക്കി.
ഒൻപത് കാബിനറ്റ് അംഗങ്ങൾ, മുൻ പ്രധാനമന്ത്രി ലിസ് ട്രസ് എന്നിവരുൾപ്പെടെയുള്ള കൺസർവേറ്റീവ് പാർട്ടിയുടെ പ്രമുഖർ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.
ഋഷി സുനക് തൻ്റെ രാജിക്കത്ത് രാഷ്ട്രത്തലവൻ ചാൾസ് മൂന്നാമന് സമർപ്പിക്കും, തുടർന്ന് രാജാവ് പാർലമെൻ്റിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവെന്ന നിലയിൽ സ്റ്റാർമറിനോട് സർക്കാർ രൂപീകരിക്കാൻ ആവശ്യപ്പെടും.