ന്യൂദല്‍ഹി- പ്രതിപക്ഷം ഉയർത്തിയ അതിശക്തമായ പ്രതിഷേധത്തിനിടെ വഖഫ് ഭേദഗതി ബിൽ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വഖഫ് കൗണ്‍സിലന്റെയും സംസ്ഥാന ബോര്‍ഡുകളുടേയും അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും വഖഫ് ബോർഡുകളിൽ അമുസ്‍ലിംകൾക്കും അംഗത്വം നൽകാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ബിൽ ന്യൂനപക്ഷ മന്ത്രി കിരൺ റിജുജുവാണ് അവതരിപ്പിച്ചത്. പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി ബില്ലിനെ എതിർത്തു.
അയോധ്യക്ഷേത്ര ഭരണസമിതിയിലും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലും ഹിന്ദു സമുദായത്തിൽ പെടാത്ത ആരെയെങ്കിലും ഉൾപ്പെടുത്താൻ കഴിയുമോ എന്ന് കെ.സി വേണുഗോപാൽ ചോദിച്ചു. ‘വഖഫ് ബോർഡിൽ നോൺ-മുസ്‌ലിങ്ങളെ ഇരുത്തണം’ എന്ന വാദം ഇതുപോലെ ബലിശവും അവരുടെ വിശ്വാസങ്ങൾക്ക് മേലുള്ള കടന്നാക്രമണവുമാണ്. ഇത് ഭരണ നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിനെതിരാണ്. ഭരണഘടനക്കെതിരെയുള്ള അക്രമണമാണ്.
ഇന്ന് നിങ്ങൾ മുസ്‌ലിംകളെയാണ് ലക്ഷ്യം വെക്കുന്നത്. നാളെ അത് ക്രിസ്ത്യാനികളെ ആകാം. പിറ്റേന്ന് ജൈനരെ ആകാം. പിറ്റേന്ന് പാർസ്സികളെ ആകാം. ഞാൻ ഹിന്ദുവാണ്. ഞങ്ങൾ എല്ലാവരുടെയും വിശ്വാസങ്ങളെ ബഹുമാനിക്കുന്നവരാണ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഈ ബിൽ കൊണ്ടുവരുന്നത്. ഇതിന്റെ മറുപടി ഇന്ത്യക്കാർ നിങ്ങൾക്ക് തന്ന് കഴിഞ്ഞതാണ്. മതങ്ങൾ തമ്മിൽ വലിയ വർഗീയ കലാപങ്ങൾക്കാണു നിങ്ങൾ ശ്രമിക്കുന്നത്. പാർലമെന്റിനടുത്തൊരു മുസ്‌ലിം പള്ളിയുണ്ട്. പള്ളിക്ക് കുറഞ്ഞത് 200 കൊല്ലത്തിൽ അധികം പഴക്കമുണ്ട്. പുതിയ നിയമം വഴി ആ പള്ളിയടക്കം ഇന്ത്യയിലെ ആയിരക്കണക്കിനു പള്ളികളെ നിങ്ങൾ തർക്കഭൂമിയാക്കി മാറ്റുമെന്നും വേണുഗോപാൽ പറഞ്ഞു.
ഭരണഘടന മൂല്യങ്ങള്‍ക്ക് എതിരാണ് വഖഫ് ഭേദഗതി ബില്ലെന്നും ജുഡീഷ്യല്‍ പരിശോധന നടന്നുകഴിഞ്ഞാല്‍, ബില്‍ പൂര്‍ണ്ണമായും റദ്ദാക്കപ്പെടുമെന്നും ആര്‍.എസ്.പി. അംഗം എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു. വ്യവസ്ഥിതിയെ തകര്‍ക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബില്‍ ഒരു മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ളതാണെന്നും ഭരണഘടനയുടെ 30-ാം വകുപ്പ് ഇത് ലംഘിക്കുന്നുവെന്നും ഡി എം കെ. എം പി. കനിമൊഴി പറഞ്ഞു. എസ് പി നേതാവ് അഖിലേഷ് യാദവും എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസിയും ബില്ലിനെ എതിർത്തു. വഖഫ് ഭേദഗതി ബിൽ ഭൂമി വിൽപ്പനക്കുള്ള ബി ജെ പി അംഗങ്ങളുടെ താൽപ്പര്യാർത്ഥമുള്ള ഒഴികഴിവ് മാത്രമാണെന്ന് അഖിലേഷ് യാദവ് വിമർശിച്ചു. അതേസമയം, ജെ.ഡി.യു. എം.പിയും കേന്ദ്രമന്ത്രിയുമായ ലല്ലന്‍ സിങ് ബില്ലിനെ ന്യായീകരിച്ചു. ക്ഷേത്രങ്ങളുമായി താരതമ്യംചെയ്ത് വിഷയത്തെ വഴിതിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും മതവിഭാഗത്തിന്റെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടുന്നതല്ല ബില്ലെന്ന് ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജു മറുപടി നല്‍കി. ആരുടേയും അധികാരം കവരുകയല്ലെന്നും ഇതുവരെ അധികാരങ്ങള്‍ ഇല്ലാതിരുന്നവര്‍ക്ക് അത് നല്‍കുകയാണെന്നും അദ്ദേഹം വിശദീകരിച്ചു.