* റെഡ് സീ ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്ച കൊടിയുയരും,
* പത്ത് നാള്‍ ഇനി ലോക സിനിമയുടെ രാപ്പകലുകള്‍
* അര ലക്ഷത്തോളം പ്രേക്ഷകര്‍, അയ്യായിരം ചലച്ചിത്ര പ്രവര്‍ത്തകര്‍
* ബോളിവുഡ് താരങ്ങളുമെത്തും
* ജൂറി തലവനായി ബാസ് ലുഹ്ര്‍മാനെ തെരഞ്ഞെടുത്തു
ജിദ്ദ – പൈതൃകനഗരമായ ജിദ്ദ ബലദും പരിസരവും ദൃശ്യചാരുതയുടെ മഴവില്ലഴകില്‍. നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന് ഡിസംബര്‍ അഞ്ചിന് (വ്യാഴം) സ്‌ക്രീനുകള്‍ തെളിയും.
ഇനി ചെങ്കടലോരത്ത് വിശ്വ സിനിമകളുടെ വിസ്മയലോകം. ജിദ്ദ ബലദിലും പ്രധാന തിയേറ്ററുകളിലും മറ്റ് തെരഞ്ഞെടുക്കപ്പെട്ട ആകര്‍ഷകമായ പവലിയനുകളിലുമായി പത്ത് നാള്‍ നീണ്ടു നില്‍ക്കുന്ന റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന്റെ നാലാം എഡിഷന്റെ പ്രൗഢോജ്വല തുടക്കത്തിന് നഗരം അണിഞ്ഞൊരുങ്ങി. പ്രമുഖ അമേരിക്കന്‍ ചലച്ചിത്രകാരൻ നിക്കോളാസ് കേജ് ആയിരിക്കും മേളയുടെ ആദ്യദിവസത്തെ ആതിഥേയന്‍. എഴുത്തുകാരന്‍, നിര്‍മാതാവ് എന്ന നിലകളിലും പ്രസിദ്ധനാണ് ഈ ലോകസിനിമാപ്രതിഭ. ബാസ് ലുഹ്ര്‍മാന്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ ജൂറിഅധ്യക്ഷന്‍. കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരവും നവീനമായ അറേബ്യന്‍ ദൃശ്യസൗന്ദര്യവുമെന്ന് റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനെ അദ്ദേഹം വിശേഷിപ്പിച്ചിരുന്നു.
സിനിമാ പ്രദര്‍ശനത്തോടൊപ്പം സിനിമയുടെ ഭാവുകത്വത്തെക്കുറിച്ചറിയാനുള്ള സദസ്സുകളും സംവാദങ്ങളും വര്‍ക്ക്‌ഷോപ്പുകളും ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുമെന്ന് റെഡ് സീ ഫിലിം ഫെസ്റ്റിവലിന്റെ നാലാം എഡിഷന്റെ സംഘാടകര്‍ അറിയിച്ചു. സൗദിയില്‍ നിന്നുള്ള സിനിമകളും അറബ്, ആഫ്രിക്കന്‍, ഏഷ്യന്‍ സിനിമകളും പുതിയ തലമുറയെ പരിചയപ്പെടുത്തും.
ഈജിപ്ഷ്യന്‍ സഹകരണത്തോടെ സൗദി നിര്‍മിച്ച ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി എന്ന ചിത്രമാണ് ഉദ്ഘാടന ദിവസം പ്രദര്‍ശിപ്പിക്കുക. ടൊറോന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചില സിനിമകളുടെ പഠനവും പ്ലാന്‍ ചെയ്യുന്നതായി സംഘാടകർ ദ മലയാളം ന്യൂസിനോട് പറഞ്ഞു. സിനിമക്ക് വേണ്ടി സംഗീതം എങ്ങനെ ചിട്ടപ്പെടുത്താമെന്ന് പരിശീലിപ്പിക്കുന്ന മ്യൂസിക് ഫോര്‍ ഫിലിം, ഏഴുദിവസം നീണ്ടു നില്‍ക്കുന്ന സംഗീത പരിപാടിയ്‌ക്കൊപ്പമുണ്ടാകും. ആഗോള പുരസ്‌കാരം നേടിയ ചലച്ചിത്രസംഗീത സംവിധായകരുടെ സാന്നിധ്യവും സംഗീതപരിപാടിയെ സവിശേഷമാക്കും.
ഡിസംബര്‍ പതിനാല് വരെയാണ് ഫിലിംഫെസ്റ്റിവല്‍. കഴിഞ്ഞ വര്‍ഷം 66 രാജ്യങ്ങളില്‍ നിന്നുള്ള 143 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. ഇത്തവണ ഫീച്ചര്‍ സിനിമകളും ഡോക്യുമെന്ററികളുമുള്‍പ്പെടെ 150 സിനിമകള്‍ സ്‌ക്രീന്‍ ചെയ്യും. കഴിഞ്ഞ വര്‍ഷം 39,410 പ്രേക്ഷകരാണ് പങ്കാളികളായത്. ഇത്തവണയും 40, 000 പേരുടെ പ്രാതിനിധ്യമുണ്ടാകും. പുറമെ ഇന്ത്യയില്‍ നിന്നുള്‍പ്പെടെ 4345 ആഗോള ചലച്ചിത്രപ്രവര്‍ത്തകരും ഫെസ്റ്റിവലുമായി സജീവമായി സഹകരിച്ചു. ഏഴു സൗദി ഫീച്ചര്‍ ഫിലിമുകളും പതിനാറ് ഷോര്‍ട്ട് സിനിമകളും പ്രദര്‍ശിപ്പിച്ചു. പ്രമുഖ ഇംഗ്ലീഷ് സംവിധായകന്‍ ഗയ് റിറ്റ്ഷി, അമേരിക്കന്‍ നടി ഷാരോണ്‍ സ്‌റ്റോണ്‍ എന്നിവരുടെ സാന്നിധ്യവും റെഡ്‌സീ ഫിലിം ഫെസ്റ്റിവലിനെ ആഗോളശ്രദ്ധയിലേക്ക് കൊണ്ടുവന്നു. കരീനാ കപൂര്‍, ആമിര്‍ ഖാന്‍ തുടങ്ങി ഒട്ടേറെ ബോളിവുഡ് താരങ്ങളുമെത്തും. പക എന്ന മലയാള സിനിമയിലൂടെ പ്രശസ്തനായ വയനാട്ടുകാരന്‍ നിതിന്‍ ലൂക്കോസ് ഇത്തവണയും ഫെസ്റ്റിവലിനെത്തി.
ചലച്ചിത്രോല്‍സവത്തിന്റെ ഭാഗമായി റെഡ് സീ സൂഖ് എന്ന പേരിലുള്ള പ്രദര്‍ശനം കലയുടേയും സംസ്‌കാരത്തിന്റേയും മേഖലയില്‍ സൗദി അറേബ്യ നല്‍കിയ സംഭാവനകളുടെ സമുച്ചയമായിരിക്കുമെന്ന് റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ സി.ഇ.ഒ മുഹമ്മദ് അല്‍ തുര്‍ക്കി പ്രസ്താവിച്ചു.
റെഡ്‌സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അറബ് – ആഫ്രിക്കന്‍- ഇംഗ്ലീഷ് – ഇന്ത്യന്‍ സിനിമകളുടെ ഉല്‍സവമായിരിക്കും. കാലം കാത്ത് വെച്ച ചലച്ചിത്ര സംസ്‌കാരത്തിന്റെ കൊടിയടയാളമാണ് മൂന്നാമത് അന്താരാഷ്ട്ര റെഡ്‌സീ ഫിലിം ഫെസ്റ്റിവലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദിയെക്കുറിച്ച് പടിഞ്ഞാറന്‍ ലോകം പുലര്‍ത്തിപ്പോരുന്ന ഗതകാലമിഥ്യകളെ അടിമുടി പൊളിക്കാനും ആധുനിക ദൃശ്യസംസ്‌കാരത്തിന്റെ പുതിയ ഭാഷയും വ്യാകരണവും എത്രമേല്‍ സൗന്ദര്യാത്മകമാക്കാമെന്ന് തെളിയിക്കാനും ഫിലിം ഫെസ്റ്റിവല്‍ സഹായകമാകുമെന്നാണ് പ്രതീക്ഷയെന്ന് നിക്കോളാ്‌സ് കേജ് പറഞ്ഞു.
അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മിക്കപ്പെട്ട മനോഹരമായ വോക്‌സ് തിയേറ്ററുകളിലാണ് ലോകോത്തര ക്ലാസിക്കുകളുടെ അഭ്രാവിഷ്‌കാരം. കാഴ്ചയുടെ സംസ്‌കൃതിയിലെ സാമ്പ്രദായിക സങ്കല്‍പങ്ങള്‍ പുതുക്കിപ്പണിയുന്ന സൗദിയുടെ സംവേദനങ്ങളില്‍ സൗന്ദര്യാത്മകമായ വിപ്ലവത്തിന്റെ ജ്വാലാമുഖമാണ് റെഡ് സീ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ തുറന്നു വെച്ചിട്ടുള്ളത്. സൗദി സാംസ്‌കാരിക മന്ത്രാലയത്തിന് നന്ദി- കാലം അപരിഹാര്യമാക്കിയ പുതിയൊരു ഈസ്‌തെറ്റിക് ഇമേജിനെ പുണരാന്‍ വേണ്ടിയുള്ള ത്വരിതാവേഗത്തിലുള്ള ഈ പരിവര്‍ത്തനം, ലോകസിനിമയുടെ ഭൂപടത്തിലേക്ക് ഈ രാജ്യത്തിന്റെ ചരിത്രപരമായ വിസ്മയക്കുതിപ്പ് മുദ്രണം ചെയ്ത് വെച്ചതിന്.