ന്യൂദൽഹി: സുപ്രീം കോടതി ബാർ അസോസിയേഷൻ്റെ (എസ്‌സിബിഎ) പുതിയ പ്രസിഡൻ്റായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലിനെ തിരഞ്ഞെടുത്തു. വൻ ഭൂരിപക്ഷത്തിനാണ് കപിൽ സിബൽ വിജയിച്ചത്. 1066 വോട്ടുകൾ സ്വന്തമാക്കിയാണ് വിജയം. സീനിയർ കൗൺസൽ പ്രദീപ് റായിക്ക് 689 വോട്ടുകൾ ലഭിച്ചു.
2001-02 ലാണ് സിബൽ അവസാനമായി എസ്.സി.ബി.എയുടെ പ്രസിഡൻ്റായത്. നേരത്തെ- 1995-1996, 1997-1998 വർഷങ്ങളിലും ഈ സ്ഥാനത്ത് എത്തിയിരുന്നു.
ആദിഷ് അഗർവാല, പ്രിയ ഹിംഗോരാനി, നീരജ് ശ്രീവാസ്തവ, ത്രിപുരാരി റേ എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സരിച്ച മറ്റുള്ളവർ.
“വക്കീലന്മാർ നിയമവാഴ്ച ഉയർത്തിപ്പിടിക്കാൻ ഉദ്ദേശിച്ചുള്ളവരാണെന്നും ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് അഭിഭാഷകൻ്റെ ലക്ഷ്യമെന്നും കപിൽ സിബൽ പറഞ്ഞു. രാഷ്ട്രീയ ചായ്‌വുകളുടെ അടിസ്ഥാനത്തിൽ ബാർ വിഭജിക്കുകയാണെങ്കിൽ, യഥാർത്ഥത്തിൽ നിങ്ങൾ ഒരു അഭിഭാഷകൻ എന്ന നിലയിൽ കടമ നിറവേറ്റുന്നില്ല എന്നാണ് അർത്ഥമെന്നും കപിൽ സിബൽ പറഞ്ഞു.