പ്രവാസി ഇന്ത്യക്കാരുടെ ആശങ്കകൾ ചർച്ചാവിഷയമായി
ക്വലാലംപൂർ: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമുമായി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കൂടിക്കാഴ്ച നടത്തി. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴിൽ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാൻഗോറിലെ പെറ്റാലിങ് ജയയിൽ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഗ്രാൻഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാൻഡ് മുഫ്തി പങ്കുവെച്ച നിർദേശങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യൻ ജനതയോട് പുലർത്തുന്ന സ്നേഹത്തിൽ നന്ദി അറിയിച്ചു. മലേഷ്യൻ ജനതയുടെ മതപരവും വൈജ്ഞാനികവുമായ അഭിവൃദ്ധി ലക്ഷ്യം വെച്ച് വരും വർഷങ്ങളിൽ സ്വഹീഹുൽ ബുഖാരി സംഗമങ്ങൾ നടത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ചചെയ്തു. വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ മേഖലയിലെ മർകസിന്റെ ഭാവി പദ്ധതികൾ പ്രധാനമന്ത്രി അന്വേഷിക്കുകയും ആശംസകൾ നേരുകയുമുണ്ടായി.
കഴിഞ്ഞ ജൂലൈയിൽ മുസ്‌ലിം പണ്ഡിതർക്കുള്ള മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ഹിജ്റ പുരസ്കാരം ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഗ്രാൻഡ് മുഫ്തി രാജ്യത്തെത്തുന്നത്. കഴിഞ്ഞ സന്ദർശനത്തിനിടെ വിവിധ സർവകലാശാലകളുമായും സന്നദ്ധ സംഘടനകളുമായും ഇടപെടലുകൾ നടത്തുകയും മതപണ്ഡിതർക്കും പൊതുജനങ്ങൾക്കുമായി സർക്കാർ ആഭിമുഖ്യത്തിൽ വിജ്ഞാന സദസ്സുകൾ നടത്തുകയും ചെയ്തതിനാൽ തന്നെ ഗ്രാൻഡ് മുഫ്തിയുടെ സന്ദർശനത്തെ ഏറെ പ്രതീക്ഷയോടെയാണ് മലേഷ്യൻ ജനതയും പ്രവാസികളും ഉറ്റുനോക്കുന്നത്.
ഇന്ത്യൻ പ്രവാസികൾ ആശങ്കപ്പെടുന്ന വിസാ സങ്കീർണതകളും 45 വയസ്സിന് മുകളിലുള്ളവർക്ക് വർക്കിംഗ് പെർമിറ്റ് ലഭിക്കാത്ത സാഹചര്യവും അനുഭാവപൂർവം പരിഗണിക്കണമെന്ന് കൂടിക്കാഴ്ചക്കിടെ ഗ്രാൻഡ് മുഫ്തി ആവശ്യപ്പെട്ടു. ചതുർദിന സന്ദർശനത്തിനിടെ മലേഷ്യൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡോ. അഹ്‌മദ് സാഹിദ് ബിൻ ഹാമിദി, മുഫ്‌തി ഡോ. ലുഖ്മാൻ ബിൻ ഹാജി അബ്ദുല്ല, വിവിധ ഇൻസ്റ്റിറ്റ്യൂട്ട് മേധാവികൾ, പൗരപ്രമുഖർ എന്നിവരുമായും ഗ്രാൻഡ് മുഫ്തി കൂടിക്കാഴ്ചനടത്തി. മർകസ് പ്രൊ-ചാൻസിലർ ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്. എസ്. എഫ് ഇന്ത്യ ജനറൽ സെക്രട്ടറി സി പി ഉബൈദുല്ല സഖാഫി, മലേഷ്യൻ സർക്കാരിന് കീഴിലുള്ള യാദിം ഡയറക്ടർ ബോർഡ് അംഗമായ ബശീർ മുഹമ്മദ് അസ്ഹരി കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.