തിരുവനന്തപുരം– ശബരിമല സ്വർണക്കടത്ത് കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പുറത്തുവന്ന പശ്ചാത്തലത്തിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. താൻ എട്ടു വർഷം മുമ്പ് പോയ കാര്യങ്ങൾ എങ്ങനെ ഓർക്കാനാണെന്നാണ് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചത്.
പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന മുൻപത്തെ വാദത്തിന് വിരുദ്ധമായി, അദ്ദേഹത്തിന്റെ സഹോദരിയുടെ മകൾക്ക് റാങ്ക് ലഭിച്ചപ്പോൾ പേനയും മെമെന്റോയും സമ്മാനിക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇതിന് മറുപടിയായി, പത്ത് പ്രാവശ്യം ഒരു വീട്ടിൽ പോയിട്ടുണ്ടെങ്കിൽ അത് തുറന്നുപറയാൻ തനിക്ക് മടിയില്ലെന്നും, കുട്ടികൾ പരീക്ഷയിൽ വിജയിക്കുമ്പോൾ വീട്ടിൽ പോയി സന്തോഷം പ്രകടിപ്പിക്കുമെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. വർഷങ്ങൾക്ക് മുമ്പ് നടന്ന ഇത്തരം സന്ദർശനങ്ങൾ ഓർത്തു വെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ വെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയെ പലതവണ കണ്ടിട്ടുണ്ടെന്ന് കടകംപള്ളി പറഞ്ഞിരുന്നു.



