കണ്ണൂർ – ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി എവിടെ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വെളിപ്പെടുത്തണമെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ.
പിണറായി വിജയൻ സത്യം പറയണം. മുഖ്യമന്ത്രിയും ജാവ്‌ദേക്കറും തമ്മിൽ എവിടെയാണ് കണ്ടുമുട്ടിയതെന്ന് പറയണം.
ആരും അറിയാത്ത ജാവ്‌ദേക്കർ പങ്കെടുത്ത പൊതുപരിപാടി ഏതാണ് എന്ന് വ്യക്തമാക്കണം. പൊതുപരിപാടിയിൽ പങ്കെടുത്തു എന്ന് മുഖ്യമന്ത്രി കളവ് പറയുകയാണ്. ജാവ്ദേക്കറെ കണ്ടുവെന്ന് മുഖ്യമന്ത്രിയും സമ്മതിച്ചു. ആരും അറിയാതെ രഹസ്യമായി നടത്തിയ പരിപാടിയായിരുന്നോഅത് ? എങ്കിൽ ആ പരിപാടിയുടെ അജണ്ട എന്താണ്? യഥാർത്ഥത്തിൽ മുഖ്യമന്ത്രിക്ക് ജാവ്‌ദേക്കറുമായി ബന്ധമുണ്ടെന്ന് ഇതോട് കൂടി വ്യക്തമായി.
ജയരാജനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അയാൾ യാഥാർത്ഥ്യം പറഞ്ഞ് കഴിഞ്ഞു. ഇതൊരു അന്തർധാരയാണ് മകളുടെയും കുടുംബത്തിൻ്റെയും താത്പര്യം സംരക്ഷിക്കുന്നതിന് ബിജെ.പിയുടെ സഹായം അവശ്യമുണ്ടെന്ന് പിണറായിക്കറിയാം. – കെ. സുധാകരൻ പറഞ്ഞു.
ചില മണ്ഡലങ്ങളിലെ വോട്ടിംഗ് ശതമാനത്തിലെ കുറവ് യു.ഡി.എഫിന്റെ വിജയത്തെ ബാധിക്കില്ല. യു.ഡി.എഫ് വൻ വിജയം നേടുമെന്നും സുധാകരൻ പറഞ്ഞു.