ബംഗളൂരു- പ്രമുഖ മാധ്യമ പ്രവർത്തകനും പത്രാധിപരും നിരൂപകനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു. 85 വയസായിരുന്നു. ബംഗളൂരുവിൽ മകനൊപ്പമായിരുന്നു താമസം. ദീർഘകാലം കലാകൗമുദി വാരികയുടെ പത്രാധിപരായിരുന്നു. പിന്നീട് മലയാളം വാരികയിലെത്തി. 1970ന് ശേഷമുള്ള മലയാള സാഹിത്യരംഗത്തെ നിരവധി നവാഗത പ്രതിഭകളെ കണ്ടെത്തുന്നതിൽ ജയചന്ദ്രൻ നായർ മുൻനിരയിലായിരുന്നു. 2012 ലെ ആത്മകഥക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ജയചന്ദ്രൻ നായരുടെ ‘എന്റെ പ്രദക്ഷിണ വഴികൾ’ എന്ന കൃതിക്കായിരുന്നു.
മലയാളരാജ്യം, കലാകൗമുദി, സമകാലിക മലയാളം വാരിക എന്നിവയുടെ പത്രാധിപരായിരുന്നു. പിറവി, സ്വം എന്നീ ചിത്രങ്ങളുടെ കഥയും നിർമ്മാണവും നിർവഹിച്ചു. ദേശാഭിമാനി റസിഡന്റ് എഡിറ്ററും കവിയുമായ പ്രഭാവർമയുടെ ശ്യാമ മാധവം എന്ന ഖണ്ഡകാവ്യത്തിന്റെ പരമ്പര ജയചന്ദ്രൻ നായരുടെ ഇടപെടലോടെ മലയാളം വാരിക പ്രസിദ്ധീകരണം നിർത്തി വച്ചു. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടർന്ന് പ്രഭാവർമ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ സി.പി.എമ്മിനെ ന്യായീകരിച്ചെന്നാരോപിച്ചാണ് കവിതയുടെ പ്രസിദ്ധീകരണം നിർത്തിയത്. ഇതേ തുടർന്ന് മാനേജ്മെന്റുമായുണ്ടായ അസ്വാരസ്യം ജയചന്ദ്രൻ നായരുടെ രാജിയിൽ കലാശിച്ചു. മലയാളം വാരികയുടെ തുടക്കം മുതൽ പതിനഞ്ചു വർഷം ജയചന്ദ്രൻ നായരായിരുന്നു എഡിറ്റർ.
എന്റെ പ്രദക്ഷിണ വഴികൾ, റോസാദലങ്ങൾ, പുഴകളും കടലും എന്നിവയാണ് ജയചന്ദ്രൻ നായരുടെ കൃതികൾ. കെ. ബാലകൃഷ്ണന്‍ സ്മാരക പുരസ്‌കാരം, കെ. വിജയാഘവന്‍ അവാര്‍ഡ്, കെ.സി സെബാസ്റ്റ്യന്‍ അവാര്‍ഡ്, സി.എച്ച് മുഹമ്മദ് കോയ പുരസ്‌കാരം, എംവി പൈലി ജേണലിസം അവാര്‍ഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാഭ്യാസം പൂർത്തിയാക്കി ജയചന്ദ്രൻ നായർ കെ.ബാലകൃഷ്ണന്റെ പത്രാധിപത്യത്തില്‍ 1957ല്‍ പുറത്തിറങ്ങിയ കൗമുദിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങി. 1961ല്‍ കൊല്ലത്ത് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന മലയാളശബ്ദത്തില്‍ ചേര്‍ന്നു. 1966 മുതല്‍ കേരളകൗമുദിയില്‍ പ്രവര്‍ത്തിച്ചു. 1975 ല്‍ കലാകൗമുദി ആഴ്ചപ്പതിപ്പ് തുടങ്ങിയപ്പോള്‍ ആദ്യം സഹപത്രാധിപരും പിന്നീട് സഹപത്രാധിപരുമായി. 1997 മെയ് മുതലാണ് സമകാലികമലയാളം വാരികയുടെ പത്രാധിപരായി ചുതമലയേറ്റത്. 2012 വരെ ഈ സ്ഥാനത്ത് തുടർന്നു.