ബെയ്റൂത്ത് – ലെബനോനില്‍ പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ നടത്തിയ രണ്ടാം റൗണ്ട് വോട്ടെടുപ്പിൽ സൈനിക മേധാവി ജോസഫ് ഔന്‍ മുന്നിലെത്തി. 99 പാര്‍ലമെന്റ് അംഗങ്ങള്‍ ഔനിന് അനുകൂലമായി വോട്ടു ചെയ്തു. പ്രസിഡന്റ് മത്സരത്തില്‍ തെരഞ്ഞെടുക്കപ്പെടാന്‍ ആവശ്യമായ മിനിമം വോട്ടുകളേക്കാള്‍ കൂടുതലാണിത്. 2022 ഒക്‌ടോബറില്‍ മൈക്കല്‍ ഔനിന്റെ കാലാവധി അവസാനിച്ചതിനു ശേഷം ലെബനോനില്‍ പ്രസിഡന്റ് പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും അതിന്റെ എതിരാളികളും തമ്മിലുള്ള കടുത്ത ഭിന്നിപ്പ് കാരണം പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ ഒരു ഡസന്‍ തവണ നടത്തിയ ശ്രമങ്ങള്‍ വിഫലമാക്കുകയായിരുന്നു.
ഇന്ന്(വ്യാഴം) രാവിലെ നടന്ന പാര്‍ലമെന്റിന്റെ ആദ്യ സെഷനില്‍ 128 എം.പിമാരില്‍ 71 പേര്‍ സൈനിക മേധാവിയെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ആവശ്യമായ മിനിമം വോട്ടുകളെക്കാള്‍ കുറവായിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മിനിമം 86 വോട്ടുകള്‍ (മൂന്നില്‍ രണ്ട് വോട്ടുകള്‍) ആവശ്യമാണ്. ആദ്യ റൗണ്ടില്‍ ഹിസ്ബുല്ല അനുകൂല ബ്ലോക്കില്‍ നിന്നുള്ള മുപ്പത് അംഗങ്ങള്‍ ഉള്‍പ്പെടെ പാര്‍ലമെന്റിലെ മുപ്പത്തിയേഴ് അംഗങ്ങള്‍ ബ്ലാങ്ക് വോട്ടാണ് രേഖപ്പെടുത്തിയത്. 18 വോട്ടുകള്‍ അസാധുവാകുകയും രണ്ടു വോട്ടുകള്‍ മറ്റു സ്ഥാനാര്‍ഥികള്‍ക്ക് ലഭിക്കുകയും ചെയ്തു.
കഴിഞ്ഞ ശരത്കാലത്ത് ഹിസ്ബുല്ല, ഇസ്രായില്‍ യുദ്ധത്തിന് അറുതിയുണ്ടാക്കി ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം ദക്ഷിണ ലെബനോനില്‍ യു.എന്‍ സമാധാന സേനാംഗങ്ങള്‍ക്കൊപ്പം ലെബനീസ് സൈന്യത്തെ വിന്യസിക്കാന്‍ പതിനേഴു ദിവസം മാത്രം അവശേഷിക്കെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയകരമായ ഒരു ഫലത്തിനായി ലെബനീസ് കക്ഷികള്‍ക്കു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദം വര്‍ധിപ്പിച്ചിരുന്നു. ആദ്യ റൗണ്ട് വോട്ടെടുപ്പ് പരാജയപ്പെട്ടതോടെ സ്പീക്കര്‍ നബീഹ് ബെരി ഉച്ചക്ക് രണ്ടു വരെ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ചത് അടിയന്തരമായി രണ്ടാം റൗണ്ട് വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഇത് ചില നിയമസഭാംഗങ്ങളുടെ രോഷത്തിന് ഇടയാക്കി.
1975-1990 കാലത്തെ ആഭ്യന്തരയുദ്ധം അവസാനിച്ചതിനു ശേഷം ലെബനോനില്‍ പ്രസിഡന്റിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചിട്ടുണ്ട്. എന്നാല്‍ ലെബനോന് വായ്പകള്‍ അനുവദിച്ച അന്താരാഷ്ട്ര സ്ഥാപനങ്ങളും ഏജന്‍സികളും ആവശ്യപ്പെടുന്ന പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ കഴിവുള്ള ഒരു സര്‍ക്കാരിനെ നയിക്കാന്‍ ഒരു പുതിയ പ്രധാനമന്ത്രിയെ നിയമിക്കാനുള്ള കൂടിയാലോചനകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതില്‍ പ്രസിഡന്റ് സ്ഥാനം നികത്തുന്നത് നിര്‍ണായകമാണ്.
ലെബനോനില്‍ പരസ്പര ഭിന്നതയിലുള്ള രാഷ്ട്രീയ നേതാക്കള്‍ സാധാരണയായി പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് സമവായ സ്ഥാനാര്‍ഥിയെ അംഗീകരിക്കാറുണ്ട്. വെള്ളിയാഴ്ച 61 വയസ് തികയുന്ന ജോസഫ് ഔനിന് അമേരിക്കയുടെ പിന്തുണയുണ്ട്.
ലെബനോന് ഗുരുതരമായ സാമ്പത്തിക, സാമൂഹിക സാഹചര്യം പരിഹരിക്കാന്‍ ആവശ്യമായ സ്ഥിരത കൈവരിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യാഴാഴ്ച പ്രത്യാശ പ്രകടിപ്പിച്ചു.
ഹിസ്ബുല്ലയും സഖ്യകക്ഷികളുമാണ് മുന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. കഴിഞ്ഞ ശരത്കാലത്ത് ഇസ്രായിലും ഹിസ്ബുല്ലയും തമ്മില്‍ നടന്ന സമ്പൂര്‍ണ യുദ്ധം ശിയാ തീവ്രവാദ ഗ്രൂപ്പിന് കനത്ത പ്രഹരമേല്‍പ്പിച്ചു. ഇസ്രായില്‍ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ലയുടെ ദീര്‍ഘകാല നേതാവ് ഹസന്‍ നസ്‌റല്ല കൊല്ലപ്പെടുകയും ചെയ്തിരുന്നു. അയല്‍രാജ്യമായ സിറിയയില്‍, കഴിഞ്ഞ മാസം പ്രതിപക്ഷ പോരാളികള്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിനെ അട്ടിമറിച്ചതിലൂടെ ഹിസ്ബുല്ലക്ക് ഒരു പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുകയും ചെയ്തു.
ലെബനോനിലെ അധികാര പങ്കിടല്‍ സമ്പ്രദായമനുസരിച്ച് പ്രസിഡന്റ് ഒരു മരോണൈറ്റ് ക്രിസ്ത്യാനിയായിരിക്കണം. പ്രസിഡന്റാകുന്ന ലെബനോന്റെ അഞ്ചാമത്തെ സൈനിക കമാന്‍ഡറും തുടര്‍ച്ചയായ നാലാമത്തെ സൈനിക മേധാവിയുമാണ് ജോസഫ് ഔന്‍. അധികാര പങ്കിടല്‍ കരാര്‍ പ്രകാരം സൈനിക മേധാവികളും മരോണൈറ്റുകളാണ്.
വെടിനിര്‍ത്തലോടെ ഇസ്രായില്‍ അതിര്‍ത്തിയില്‍ മേല്‍നോട്ടം വഹിക്കല്‍, ദക്ഷിണ, കിഴക്കന്‍ ലെബനോന്‍, തലസ്ഥാന നഗരി എന്നിവിടങ്ങളില്‍ ബോംബാക്രമണത്തില്‍ തകര്‍ന്ന പ്രദേശങ്ങളുടെ പുനര്‍നിര്‍മാണം എന്നിവ അടക്കം പുതിയ പ്രസിഡന്റ് ഭയാനകമായ വെല്ലുവിളികള്‍ നേരിടുന്നു. 2019 മുതല്‍ ലെബനോന്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ഹിസ്ബുല്ല, ഇസ്രായേല്‍ യുദ്ധം ലെബനോന് 500 കോടിയിലേറെ ഡോളറിന്റെ സാമ്പത്തിക നഷ്ടം വരുത്തിവെച്ചു. ഇതിനു പുറമെ, ലോകബാങ്കിന്റെ കണക്കനുസരിച്ച് കോടിക്കണക്കിന് ഡോളറിന്റെ ഘടനാപരമായ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.