ജിസാൻ– ആവേശം നിറഞ്ഞ ജിസാൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് ചാമ്പ്യൻസ് ട്രോഫി (2025-26) സൂപ്പർ ഏഷ്യ ക്രിക്കറ്റ് ക്ലബ് സ്വന്തമാക്കി. ഫൈനലിൽ അൽ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തിയാണ് സൂപ്പർ ഏഷ്യ ജേതാക്കളായത്. ആകെ 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇരു ടീമുകളും ഫൈനലിൽ എത്തിയത്. നിശ്ചിത 20 ഓവറിൽ 154 റൺസാണ് ആദ്യം ബാറ്റ് ചെയ്ത അൽ അസ്വാദ് നേടിയത്. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ ഏഷ്യ വെറും 13.3 ഓവറിൽ ലക്ഷ്യം മറികടന്ന് വിജയവും ചാമ്പ്യൻസ് ട്രോഫിയും നേടി. 67 റൺസെടുത്ത് ടീമിനെ വിജയത്തിലേക്ക് നയിച്ച സുബൈർ ബട്ടാണ് മാൻ ഓഫ് ദി മാച്ച്.
മത്സരത്തിന് ശേഷം നടന്ന ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. പ്രമുഖ സാമൂഹിക പ്രവർത്തകനും സൗദി കെ.എം.സി.സി ദേശീയ സെക്രട്ടറിയുമായ ഹാരിസ് കല്ലായി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. അദ്ദേഹം സൂപ്പർ ഏഷ്യ ക്രിക്കറ്റ് ക്ലബ്ബിന് വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും കൈമാറി. റണ്ണർ അപ്പായ അൽ അസ്വാദ് ക്രിക്കറ്റ് ക്ലബ്ബിനുള്ള ട്രോഫിയും സമ്മാനത്തുകയും അദ്ദേഹം തന്നെ വിതരണം ചെയ്തു.
ജെ.പി.സി.എൽ ഭാരവാഹികളായ ഖിസ്റുഖാൻ ബഹ്‌ലൂൽ, മുഹമ്മദ് മുസ്തഫ ബെയ്ഗ്, ജമാൽ പത്തപ്പിരിയം, കമാൽ എന്നിവർ ടൂർണമെന്റിലെ മറ്റ് മികച്ച പ്രകടനങ്ങൾക്കുള്ള ട്രോഫികൾ സമ്മാനിച്ചു. ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകളെയും കളിക്കാരെയും അവരുടെ സ്പോർട്സ്മാൻ സ്പിരിറ്റിനെയും അതിഥികളും ഭാരവാഹികളും പ്രസംഗത്തിൽ അഭിനന്ദിച്ചു.



