ജിസാൻ: ബെയിഷ് ജിസാൻ എക്കണോമിക് സിറ്റിയിൽ അറാംകോ റിഫൈനറി റോഡിൽ കഴിഞ്ഞ മാസം 27 നുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി അടക്കം 9 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ജിസാൻ കിംഗ് അബ്ദുള്ള അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് ദമാം വഴി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് നാളെ മുതൽ അയക്കും. അപകടത്തിൽ മരിച്ച കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ള(31)യുടെ മൃതദേഹം നാളെ രാവിലെ ജിസാനിൽ നിന്ന് ദമാം വഴി എയർ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരത്തേക്ക് അയക്കുന്നത്.
അപകടത്തിൽ മരിച്ച മറ്റ് ഇന്ത്യക്കാരായ ദിനകർ ഭായ് ഹരി ഭായ് (ഗുജറാത്ത്), താരിഖ് ആലം (ബീഹാർ), മുസഫർ ഹുസൈൻഖാൻ ഇമ്രാൻ ഖാൻ (ഗുജറാത്ത്), പുഷ്‌കർ സിംഗ് ധാമി (ഝാർഖണ്ഡ്), മഹേഷ് ചന്ദ്ര (ഝാർഖണ്ഡ്) എന്നിവരുടെ മൃതദേഹങ്ങളും നാളെ ജിസാനിൽ നിന്ന് അയക്കും. മുഹമ്മദ് മുഹത്താഷിം റാസിന്റെ (ബീഹാർ) മൃതദേഹം ഈ മാസം 23 നും സക്‌ലൈൻ ഹൈദർ (ബീഹാർ), രമേശ് കപെല്ലി (തെലുങ്കാന) എന്നിവരുടെ മൃതദേഹങ്ങൾ 24 നും ജിസാനിൽ നിന്ന് ദമ്മാം വഴി ഇന്ത്യയിലേക്ക് അയക്കും. ബെയിഷ് ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം അബൂഅരീഷ് കിംഗ് ഫഹദ് സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
അപകടത്തിൽ മരണമടഞ്ഞ 9 ഇന്ത്യക്കാരുടെയും മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള നിയമനടപടികൾ പൂർത്തിയാക്കാൻ എ.സി.ഐ.സി സർവീസ് കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ നിരന്തരം ഇടപെടലുകൾ നടത്തിയിരുന്നു. കോൺസുലേറ്റ് സാമൂഹിക സമിതി അംഗങ്ങളായ താഹ കൊല്ലേത്ത്, ഷംസു പൂക്കോട്ടൂർ എന്നിവർ ജിസാനിൽ ആവശ്യമായ സഹായങ്ങളും ചെയ്‌തിരുന്നു. കോൺസൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ നിർദ്ദേശപ്രകാരം ദാരുണമായ അപകടത്തിനിരയായവരെ സഹായിക്കാനായി വൈസ് കോൺസൽ സെയിദ് ഖുദറത്തുള്ള കഴിഞ്ഞ മാസം ജിസാനിൽ എത്തിയിരുന്നു. മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനുള്ള കോൺസുലേറ്റിൻറെ അനുമതിപത്രം അന്നു തന്നെ അദ്ദേഹം കമ്പനി അധികൃതർക്ക് കൈമാറിയിരുന്നു.
ജിസാൻ എക്കണോമിക് സിറ്റിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചവരെല്ലാം ദമ്മാം ജുബൈൽ ആസ്ഥാനമായ എ.സി.ഐ.സി സർവീസ് കമ്പനിയുടെ ജിസാൻ എക്കണോമിക് സിറ്റി അരാംകോ റിഫൈനറി പ്രോജക്ടിലെ ജീവനക്കാരായിരുന്നു. കമ്പനിയുടെ 26 ജീവനക്കാർ യാത്രചെയ്‌തിരുന്ന മിനി ബസിൽ അമിതവേഗതയിൽ വന്ന ട്രെയിലർ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ 15 പേർ മരണമടയുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. മരണമടഞ്ഞ മറ്റ് 6 പേർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളരാണ്.
മരിച്ച വിഷ്‌ണു പ്രസാദ് പിള്ള (31) കമ്പനിയിലെ ക്വാളിറ്റി കൺട്രോൾ എഞ്ചിനീയറായിരുന്നു. കൊല്ലം കേരളപുരം ഇടവട്ടം വെള്ളിമൺ ശശീന്ദ്ര ഭവനത്തിൽ പ്രസാദിൻറെയും രാധയുടെയും മകനാണ്. അവിവാഹിതനായ വിഷ്‌ണു കഴിഞ്ഞ മൂന്ന് വർഷമായി ഈ കമ്പനിയിൽ ജോലിചെയ്യുകയായിരുന്നു. വിഷ്‌ണുവിന്റെ മരണ വിവരമറിഞ്ഞ് യു.കെ യിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായ ജ്യേഷ്‌ഠ സഹോദരൻ മനു പ്രസാദ് പിള്ള കഴിഞ്ഞ മാസം അവസാനം നാട്ടിലെത്തിയിരുന്നു. ജിസാനിൽ നിന്ന് ദമ്മാം വഴി വ്യാഴാഴ്‌ച രാവിലെ 7.30 ന് തിരുവനന്തപുരത്തെത്തിക്കുന്ന വിഷ്ണുവിൻറെ മൃതദേഹം ഉച്ചയോടെ കേരളപുരത്തുള്ള വീട്ടുവളപ്പിൽ സംസ്‌കരിക്കുമെന്ന് സഹോദരൻ മനു പ്രസാദ് പിള്ള ദ മലയാളം ന്യൂസിനോട് പറഞ്ഞു.