ജിദ്ദ- നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ബസ് സർവീസിന് തുടക്കമായി. സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനിക്ക് കീഴിൽ ജിദ്ദ ട്രാൻസ്പോർട്ട് കമ്പനിയാണ് സർവീസ് നടത്തുന്നത്. ഇന്ന് (ഏപ്രിൽ-1) മുതലാണ് പുതിയ സർവീസിന് തുടക്കമായത്. ഇതുവരെ സർവീസ് നടത്തിയിരുന്ന സാപ്റ്റ്കോയുടെ ബസുകൾക്ക് പകരം നൂറോളം പുതിയ ബസുകൾ സർവീസിനായി എത്തി. പുതിയ ടിക്കറ്റിംഗ് രീതിയും ഏർപ്പെടുത്തി.

പ്ലേ സ്റ്റോറിലും ആപ് സ്റ്റോറിലും ലഭ്യമായ ആപ്പ് ഡൗൺലോഡ് ചെയ്ത് ചാർജ് ചെയ്ത് ഉപയോഗിക്കാം. എ.ടി.എം കാർഡുകളിൽനിന്ന് നേരിട്ടും തുക അടക്കാം. ബുക്കിംഗ്, ടിക്കറ്റ് വാങ്ങൽ, റൂട്ട് വിശദാംശങ്ങൾ പരിശോധിക്കൽ തുടങ്ങിയ സൗകര്യങ്ങളും ആപ്പിലുണ്ട്. നിലവിലുള്ള 3.45 റിയാൽ തന്നെയാണ് പുതിയ ബസിലും നിരക്ക്. റീ ചാർജ് ചെയ്യാവുന്ന സാപ്റ്റകോ കാർഡുകളും ലഭ്യമാണ്. പത്തു റിയാലാണ് കാർഡിന് വില.

പൊതുഗതാഗതം ആധുനികവൽക്കരിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് ജിദ്ദ നഗരത്തിൽ ബസ് സർവീസുകൾ വിപുലീകരിക്കുന്നത്. പതിനെട്ട് മണിക്കൂർ ബസുകൾ നിരത്തിലുണ്ടാകും. 72 ബസ് സ്റ്റോപ്പുകളാണ് നഗരത്തിലുടനീളം ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാർക്ക് ബസുകളിലേക്ക് സുഗമമായി പ്രവേശിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ ബസുകളിൽ ഒരുക്കിയിട്ടുണ്ട്. ബിൻ ലാദൻ മസ്ജിദ്, സൗദി എയർലൈൻസ് ഹെഡ് ഓഫീസ്, വെജിറ്റബിൾ മാർക്കറ്റ്, നാഷണൽ ഗാർഡ് ഹോസ്പിറ്റൽ തുടങ്ങിയ നിരവധി സ്ഥലങ്ങളിലേക്ക് സർവീസുണ്ട്. പത്തു മുതൽ 35 മിനിറ്റ് വ്യത്യാസത്തിൽ സർവീസ് നടക്കും.
