ജിദ്ദ – അടിയന്തിര കേസുകളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കാന്‍ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും ജവാസാത്ത് ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത നടപടിക്രമങ്ങള്‍ക്കാണ് ജവാസാത്ത് ഓഫീസുകളെ ഉപയോക്താക്കള്‍ സമീപിക്കേണ്ടത്. അബ്ശിര്‍ പ്ലാറ്റ്‌ഫോം വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത ചില സേവനങ്ങള്‍ക്ക് തവാസുല്‍ സേവനം പ്രയോജനപ്പെടുത്താം. ജവാസാത്ത് ഓഫീസുകള്‍ നേരിട്ട് സമീപിക്കാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തവാസുല്‍ സേവനം അവസരമൊരുക്കുന്നു.

റമദാനില്‍ റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കും. ജിദ്ദ സെറാഫി, തഹ്‌ലിയ മാളുകളിലെ ജവാസാത്ത് ഓഫീസുകള്‍ റമദാന്‍ 28 വെള്ളിയാഴ്ച പ്രവൃത്തി സമയം അവസാനിക്കുന്നതു വരെ രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. പ്രവിശ്യകളിലെയും നഗരങ്ങളിലെയും പ്രധാന ജവാസാത്ത് ഡയറക്ടറേറ്റുകളും ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്തു മുതല്‍ വൈകീട്ട് മൂന്നു വരെയാണ് പ്രവര്‍ത്തിക്കുക. ഹായില്‍ ജവാസാത്ത് ഡയറക്ടറേറ്റിന്റെ പ്രവൃത്തി സമയം ഉച്ചക്ക് 12 മുതല്‍ വൈകീട്ട് മൂന്നു വരെയാണ്.
പെരുന്നാള്‍ അവധി ദിവസങ്ങളില്‍ റിയാദ് അല്‍രിമാല്‍ ഡിസ്ട്രിക്ട് ജവാസാത്ത് ഓഫീസ് രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെയും ഹായില്‍ ജവാസാത്ത് മെയിന്‍ ഓഫീസ് രാവിലെ പത്തു മുതല്‍ ഉച്ചക്ക് രണ്ടു വരെയും മറ്റു പ്രവിശ്യകളിലെയും നഗരങ്ങളിലെയും ജവാസാത്ത് മെയിന്‍ ഓഫീസുകള്‍ ഞായര്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 2.30 വരെയും തുറന്ന് പ്രവര്‍ത്തിക്കും. പെരുന്നാള്‍ ദിവസം സൗദിയിലെ മുഴുവന്‍ ജവാസാത്ത് ഓഫീസുകള്‍ക്കും ഔദ്യോഗിക അവധിയായിരിക്കുമെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.