ജിദ്ദ – സാമ്പത്തിക തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാല്‍ കൈക്കലാക്കിയ രണ്ടു പ്രവാസികളെ സൗദിയിലെ പ്രത്യേക കോടതി 15 വര്‍ഷം വീതം തടവിന് ശിക്ഷിച്ചതായി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ക്ക് പത്തു ലക്ഷം റിയാലും രണ്ടാമന് അഞ്ചു ലക്ഷം റിയാലും പിഴ ചുമത്തി. തട്ടിപ്പുകളിലൂടെ സംഘം കൈക്കലാക്കിയ പണം കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ സൗദിയില്‍ നിന്ന് നാടുകടത്താനും വിധിയുണ്ട്.
സൗദിയിലെ വിവിധ പ്രവിശ്യകളില്‍ കോള്‍ സെന്ററുകള്‍ സ്ഥാപിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ പ്രതിനിധികളാണെന്ന വ്യാജേന ഇരകളുമായി ഫോണില്‍ ബന്ധപ്പെട്ടാണ് സംഘം തട്ടിപ്പുകള്‍ നടത്തിയത്. ആകെ 177 തട്ടിപ്പുകളിലൂടെ 2.2 കോടിയിലേറെ റിയാല്‍ ഇരുവരും അനധികൃതമായി സമ്പാദിച്ചതായി കണ്ടെത്തി.
പ്രതികളുടെ താമസസ്ഥലത്ത് നടത്തിയ പരിശോധനയില്‍ ടാബ്ലറ്റുകളും വിദേശ സിം കാര്‍ഡുകളും തട്ടിപ്പ് കോളുകള്‍ക്ക് ഉപയോഗിക്കുന്ന രണ്ടു നൂതന ഉപകരണങ്ങളും തട്ടിപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്ന കണ്‍ട്രോളറും കണ്ടെത്തി. തട്ടിപ്പുകളിലൂടെ ഇരുവരും കൈക്കലാക്കിയ പണം ട്രാക്ക് ചെയ്ത് കണ്ടെത്തി കസ്റ്റഡിയിലെടുത്ത് ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിച്ചു. അന്വേഷണം പൂര്‍ത്തിയാക്കി ഇരുവര്‍ക്കുമെതിരായ കേസ് തെളിവുകള്‍ സഹിതം പബ്ലിക് പ്രോസിക്യൂഷന്‍ കോടതിക്ക് കൈമാറുകയും വിചാരണ പൂര്‍ത്തിയാക്കിയ കോടതി പ്രതികള്‍ക്കുള്ള ശിക്ഷകള്‍ പ്രഖ്യാപിക്കുകയുമായിരുന്നു.