മോസ്കോ– യുദ്ധം സമാധാനപരമായി അവസാനിപ്പിക്കാൻ യുക്രെയ്ന് തിടുക്കമില്ലെങ്കിൽ, തങ്ങളുടെ ‘പ്രത്യേക സൈനിക നടപടി’യുടെ എല്ലാ ലക്ഷ്യങ്ങളും റഷ്യ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. സമാധാന ചർച്ചകളിൽ യുക്രെയ്‌ന് താൽപ്പര്യമില്ലെന്നാണ് താൻ മനസ്സിലാക്കുന്നതെന്ന് വാർത്താ ഏജൻസിയായ ടാസിനെ ഉദ്ധരിച്ച് പുട്ടിൻ വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി സമാധാന ചർച്ചകൾ നടത്താനിരിക്കെയാണ് പുട്ടിന്റെ ഈ പ്രസ്താവന.
അതേസമയം, ശാശ്വതമായ സമാധാനം സ്ഥാപിക്കുന്നതിന് സന്നദ്ധതയുള്ള ഒരു റഷ്യ ആവശ്യമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അഭിപ്രായപ്പെട്ടു. യുക്രെയ്നിൽ റഷ്യ നടത്തിയ പുതിയ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം, നീതിയുക്തമായ സമാധാനത്തിനുള്ള സാഹചര്യങ്ങൾ നിലവിലുണ്ടെങ്കിലും റഷ്യയുടെ കിരാതമായ നടപടികൾ യുക്രെയ്നൊപ്പം ഉറച്ചുനിൽക്കേണ്ടതിന്റെ ആവശ്യകതയാണ് വ്യക്തമാക്കുന്നതെന്നും കൂട്ടിച്ചേർത്തു.



