റിയാദ്- വിൻഡോസ് പ്രതിസന്ധിയെ തുടർന്ന് ലോകത്താകമാനം വിമാന സർവീസുകൾ മുടങ്ങിയെങ്കിലും സൗദിയ സർവീസിനെ ഇക്കാര്യം ബാധിച്ചിട്ടില്ലെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ആഗോള സൈബർ സുരക്ഷാ സ്ഥാപനമായ ക്രൗഡ്‌സ്ട്രൈക്കിലെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് വിൻഡോസ് പണിമുടക്കിയതിനെ തുടർന്നാണ് ലോകത്താകമാനം കംപ്യൂട്ടർ ഓപ്പറേഷനുകൾ തകരാറിലായത്. വിന്‍ഡോസ് കംപ്യൂട്ടറുകളില്‍ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഉപയോഗിക്കുന്ന ഫാല്‍ക്കണ്‍ സെന്‍സര്‍ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തതോടെ ആരംഭിച്ച പ്രശ്നം ഇപ്പോഴും അവസാനിച്ചിട്ടില്ല. യു.എസ് സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റേതാണ് ഫാല്‍ക്കണ്‍ സെന്‍സര്‍. വി
തങ്ങളുടെ വിമാനങ്ങൾ മികച്ച രീതിയിലാണ് സർവീസ് നടത്തുന്നതെന്ന് എക്‌സ് പ്ലാറ്റ്‌ഫോമിൽ സൗദി എയർലൈൻസ് ട്വീറ്റ് ചെയ്തു. അതേസമയം, സൗദിയിൽ ചില വിമാനങ്ങളുടെ ടേക്ക് ഓഫ് വൈകി. വെബ്‌സൈറ്റിലെയും മൊബൈൽ ആപ്ലിക്കേഷനിലെയും സേവനങ്ങൾ വേഗം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമായത്.
അതേസമയം, ഫ്ലൈ നാസിന്റെ സർവീസുകളെ പ്രതിസന്ധി ബാധിച്ചു. “ഞങ്ങളുടെ നിയന്ത്രണത്തിനപ്പുറമുള്ള ഈ ആഗോള തകർച്ച മൂലമുണ്ടായ ആശയക്കുഴപ്പത്തിന് ഞങ്ങളുടെ യാത്രക്കാരോട് ക്ഷമ ചോദിക്കുന്നു. ഈ അടിയന്തര സാഹചര്യത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ഞങ്ങൾ അവർക്ക് നന്ദി പറയുന്നുവെന്നും വ്യക്തമാക്കിയ ഫ്ലൈ നാസ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ്റെ കസ്റ്റമർ റൈറ്റ്സ് പ്രൊട്ടക്ഷൻ റെഗുലേഷൻസ് അനുസരിച്ച് യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും നഷ്ടപരിരഹാരം നൽകുമെന്നും അറിയിച്ചു.
സാങ്കേതിക സംവിധാനങ്ങളിലൊന്നിലെ തകരാർ മൂലം ലോകമെമ്പാടുമുള്ള നിരവധി എയർലൈനുകൾ അനുഭവിച്ച സാങ്കേതിക തകരാർ റിസർവേഷനുകളെയും യാത്രാ നടപടിക്രമങ്ങളിലെ സേവനങ്ങളെയും ബാധിച്ചതായി അഡെൽ ഏവിയേഷൻ വെളിപ്പെടുത്തി, ഈ ആശയക്കുഴപ്പത്തിന് ക്ഷമാപണം നടത്തി.
അതേസമയം, സൗദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള ചില സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. ദമാം, റിയാദ്, ജിദ്ദ വിമാനതാവളങ്ങളിൽ മറ്റു വിമാന കമ്പനികളുടെ പ്രവർത്തനങ്ങളെ പ്രതിസന്ധി പ്രതികൂലമായി ബാധിച്ചു.