- രണ്ടംഗ സംഘം നടത്തിയ വെടിവെപ്പില്‍ തെല്‍അവീവില്‍ ആറു പേര്‍ കൊല്ലപ്പെട്ടു
- ഇറാന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഫലസ്തീനി യുവാവ്
- മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ജോര്‍ദാനില്‍ രണ്ടു പേര്‍ക്ക് പരിക്ക്
തെഹ്റാൻ – തിരിച്ചടിച്ചാൽ ഇസ്രായിലിന്റെ അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെതിരെ ഏതുസമയത്തും തിരിച്ചടിയുണ്ടാകുമെന്ന ഇസ്രായിലിന്റെ മുന്നറിയിപ്പിനിടെയാണ് ഇറാൻ സൈനിക മേധാവി ഇക്കാര്യം പറഞ്ഞത്. ഇന്നലെ രാത്രിയാണ് നാന്നൂറോളം ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ഇറാന്‍ ഇസ്രായിലിനു നേരെ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിന് ഡ്രോണുകളും ഉപയോഗിച്ചു. ആക്രമണത്തിനു തൊട്ടു മുമ്പ് ഇതേ കുറിച്ച് ഇറാന്‍ അമേരിക്കയെയും റഷ്യയെയും അറിയിച്ചിരുന്നു. ഇസ്രായിലിലെങ്ങും വാണിംഗ് സൈറനുകള്‍ മുഴങ്ങുകയും ദശലക്ഷക്കണക്കിന് ഇസ്രായിലികള്‍ സുരക്ഷിത ബങ്കറുകളില്‍ അഭയം തേടുകയും ചെയ്തു.
ഇറാന് ആക്രമണം ആരംഭിച്ചതോടെ ഇസ്രായില്‍ വ്യോമമേഖല അടക്കുകയും ഇസ്രായിലിലേക്ക് വരികയായിരുന്ന വിമാനങ്ങള്‍ സമീപ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടുകളിലേക്ക് തിരിച്ചുവിടുകയും ചെയ്തു. ജോര്‍ദാനും തങ്ങളുടെ വ്യോമമേഖല പൂര്‍ണമായും അടച്ചിരുന്നു. ആക്രമണം അവസാനിച്ചതായി ഇറാന്‍ അറിയിച്ചതിനെ തുടര്‍ന്ന് ജോര്‍ദാന്‍ വ്യോമമേഖല വീണ്ടും തുറന്നു. തെഹ്‌റാന്‍ എയര്‍പോര്‍ട്ട് ഇറാനും അടച്ചിട്ടിരുന്നു.
നൂറു കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ ഉപേേയാഗിച്ചാണ് ആക്രമണം നടത്തിയത്. 400 മിസൈലുകള്‍ ആക്രമണത്തിന് ഉപയോഗിച്ചതായി ഇറാന്‍, ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 200 മിസൈലുകളാണ് തൊടുത്തുവിട്ടതെന്ന് ഇറാന്‍ പറഞ്ഞു. എന്നാല്‍ 180 മിസൈലുകളാണ് തൊടുത്തുവിട്ടതെന്നും ഇതില്‍ ഭൂരിഭാഗവും വെടിവെച്ചിട്ടതായും ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഇസ്രായിലിനെതിരായ ആക്രമണം അവസാനിച്ചതായി ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി എക്‌സില്‍ അറിയിച്ചു. ഇസ്രായിലിനെ നേരിടുന്നതില്‍ ഇറാന്‍ ആത്മസംയമനം പാലിച്ചു. കൂടുതല്‍ പ്രതികാരം ഇസ്രായില്‍ ഗവണ്‍മെന്റ് വിളിച്ചുവരുത്താത്ത പക്ഷം ഇസ്രായിലിനെതിരായ ഇറാന്‍ ആക്രമണം അവസാനിച്ചിരിക്കുന്നു. ഗാസയില്‍ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ അവസരമൊരുക്കി പരമാവധി ആത്മസംയമനം പാലിച്ച ശേഷമാണ് ഇസ്രായിലിനെതിരെ ഇറാന്‍ ആക്രമണം നടതത്തിയതെന്നും വിദേശ മന്ത്രി പറഞ്ഞു. ഇറാനെതിരായ ആക്രമണങ്ങളില്‍ ഇസ്രായിലിനെ പിന്തുണച്ച് ഇടപെടുന്ന രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന് ഇറാന്‍ സൈന്യം ഭീഷണി മുഴക്കി.
ഇസ്രായിലിലെ സൈനിക, സുരക്ഷാ ലക്ഷ്യങ്ങള്‍ക്കു നേരെ മാത്രമാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ വിദേശ മന്ത്രാലയം പറഞ്ഞു. ഇറാനും ഇസ്രായിലിനുമിടയിലെ സംഘര്‍ഷത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടുന്നതിനെതിരെ ഇറാന്‍ വിദേശ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റല്ലയുടെയും ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെയും നസ്‌റല്ലക്കൊപ്പം കൊല്ലപ്പെട്ട ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് കമാണ്ടര്‍ ബ്രിഗേഡിയര്‍ അബ്ബാസ് നെല്‍ഫോര്‍ഷാന്റെയും വധങ്ങള്‍ക്ക് തിരിച്ചടിയെന്നോണമാണ് ഇസ്രായിലില്‍ മിസൈല്‍ ആക്രമണം നടത്തിയതെന്ന് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു. ഡസന്‍ കണക്കിന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് തെല്‍അവീവിനു സമീപമുള്ള മൂന്നു സൈനിക താവളങ്ങള്‍ ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡ് ലക്ഷ്യമിട്ടു. 90 ശതമാനം മിസൈലുകളും ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തുന്നതില്‍ വിജയിച്ചതായും റെവല്യൂഷനറി ഗാര്‍ഡ് പറഞ്ഞു.
ഇറാന്‍ ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും ഇതിന് വില നല്‍കേണ്ടിവരുമെന്നും ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഇറാന് ഉചിതമായ സമയത്ത് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇസ്രായിലി സൈന്യം ഭീഷണി മുഴക്കി. 180 ഓളം ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തുവിട്ട് ആയിരക്കണക്കിന് സാധാരണക്കാരെ കൊലപ്പെടുത്താനാണ് ഇറാന്‍ ലക്ഷ്യമിട്ടതെന്നും ഇസ്രായില്‍ സൈന്യം പറഞ്ഞു.
ഇറാന്‍ ആക്രമണത്തില്‍ വെസ്റ്റ് ബാങ്കിലെ ജെറിക്കോയില്‍ ഫലസ്തീനി യുവാവ് കൊല്ലപ്പെട്ടു. രണ്ടു ഇസ്രായിലികള്‍ക്ക് നിസാര പരിക്കേല്‍ക്കുകയും ചെയ്തു. ജോര്‍ദാന്‍ വ്യോമമേഖലയില്‍ പ്രവേശിച്ച ഏതാനും മിസൈലുകളും ഡ്രോണുകളും തങ്ങള്‍ വെടിവെച്ചിട്ടതായി ജോര്‍ദാന്‍ അറിയിച്ചു. ഇറാഖില്‍ രണ്ടു അമേരിക്കന്‍ സൈനിക താവളങ്ങള്‍ ലക്ഷ്യമിട്ട് തൊടുത്തുവിട്ട മിസൈലുകള്‍ അമേരിക്കന്‍ സൈന്യവും വെടിവെച്ചിട്ടു. ജോര്‍ദാന്‍ വ്യോമമേഖലക്കു മുകളിലൂടെ നൂറു കണക്കിന് മിസൈലുകള്‍ ഇസ്രായില്‍ ലക്ഷ്യമാക്കി നീങ്ങുന്നത് പ്രദേശവാസികള്‍ കണ്ടു. ഇതില്‍ ചില മിസൈലുകള്‍ ജോര്‍ദാനില്‍ ജനവാസ പ്രദേശങ്ങളില്‍ പതിച്ചു. മിസൈല്‍ ഭാഗങ്ങള്‍ പതിച്ച് ജോര്‍ദാനില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റതായി ജോര്‍ദാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇറാന്‍ ആക്രമണത്തിനു മുമ്പ് തെല്‍അവീവില്‍ രണ്ടു ആയുധധാരികള്‍ നടത്തിയ വെടിവെപ്പിലും കത്തിക്കുത്തിലും ആറു പേര്‍ കൊല്ലപ്പെടുകയും ഒമ്പതു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇരുവരെയും ഇസ്രായില്‍ സൈന്യം പിന്നീട് വെടിവെച്ചുകൊന്നു. റെയില്‍വെ സ്‌റ്റേഷനിലും സമീപ പ്രദേശത്തുമുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.