ഗാസ – മുതിര്‍ന്ന ഇസ്രായിലി കമാന്‍ഡര്‍ ഉത്തര ഗാസയില്‍ കൊല്ലപ്പെട്ടതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. 401-ാം നമ്പര്‍ ബ്രിഗേഡ് കമാന്‍ഡര്‍ കേണല്‍ അഹ്‌സാന്‍ ദക്‌സ ജബാലിയ ഏരിയയിലാണ് കൊല്ലപ്പെട്ടത്. പാറ്റന്‍ ടാങ്കില്‍ നിന്ന് പുറത്തിറങ്ങിയ കമാന്‍ഡറെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനമുണ്ടാവുകയായിരുന്നെന്ന് ഇസ്രായിലി സൈനിക വക്താവ് റിയല്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി പറഞ്ഞു. ഹമാസുമായി പോരടിക്കുന്നതിനിടെയാണ് കേണല്‍ അഹ്‌സാന്‍ ദക്‌സ കൊല്ലപ്പെട്ടതെന്ന് ഇസ്രായില്‍ പ്രതിരോധ മന്ത്രി യുആവ് ഗാലാന്റ് പറഞ്ഞു. ആക്രമണത്തില്‍ മറ്റൊരു ബാറ്റാലിയന്‍ കമാന്‍ഡര്‍ക്കും മറ്റു രണ്ടു സൈനികര്‍ക്കും പരിക്കേറ്റതായും ഇസ്രായിലി സൈനിക വക്താവ് പറഞ്ഞു.
41 കാരനായ അഹ്‌സാന്‍ ദക്‌സ നാലു മാസം മുമ്പാണ് ബ്രിഗേഡ് കമാന്‍ഡറായി നിയമിക്കപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഏറ്റവും മുതിര്‍ന്ന സൈനിക ഓഫീസര്‍മാരില്‍ ഒരാളാണ് ദക്‌സ. ജബാലിയ അഭയാര്‍ഥി ക്യാമ്പിലും ഉത്തര ഗാസയിലെ മറ്റിടങ്ങളിലും ഈ മാസം ആറു മുതല്‍ ശക്തമായ വ്യോമ, കരയാക്രമണമാണ് ഇസ്രായില്‍ നടത്തിവരുന്നത്. ഹമാസ് പോരാളികള്‍ പുനഃസംഘടിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് ഇസ്രായിലി സൈന്യം പറയുന്നു. രണ്ടാഴ്ചയായി തുടരുന്ന ആക്രമണത്തില്‍ ജബാലിയയില്‍ 400 ലേറെ പേര്‍ കൊല്ലപ്പെട്ടതായി ഗാസ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു.
2006 ല്‍ ഹിസ്ബുല്ലക്കെതിരായ യുദ്ധത്തില്‍ പരിക്കേറ്റ ഇസ്രായിലി സൈനികരെ രക്ഷിച്ചതിന് കേണല്‍ അഹ്‌സാന്‍ ദക്‌സയെ മെഡല്‍ നല്‍കി ആദരിച്ചിരുന്നു. ദക്‌സയെ ഹീറോയെന്ന് ഇസ്രായില്‍ പ്രസിഡന്റ് ഇസാക് ഹെര്‍സോഗ് വിശേഷിപ്പിച്ചു. ഇസ്രായിലിനും ഇസ്രായിലി സമൂഹത്തിനും ദക്‌സയുടെ മരണം വലിയ നഷ്ടമാണെന്നും പ്രസിഡന്റ് പറഞ്ഞു. കേണല്‍ അഹ്‌സാന്‍ ദക്‌സയുടെ മരണത്തോടെ ഒരു വര്‍ഷമായി തുടരുന്ന ഗാസ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രായില്‍ സൈനികരുടെ എണ്ണം 358 ആയി ഉയര്‍ന്നു.