ബെയ്‌റൂത്ത് – സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള കിഴക്കന്‍ ലെബനോനില്‍ ഇസ്രായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടതായി ലെബനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായില്‍ അറിയിച്ചു. ഹിസ്ബുല്ലയുമായുള്ള ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന യുദ്ധത്തെ തുടര്‍ന്ന് 2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ച ശേഷവും ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണം തുടരുകയാണ്.
ഹിസ്ബുല്ല, ഹമാസ് അംഗങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ഇസ്രായില്‍ പതിവായി അറിയിക്കുന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ച ശേഷം ലെബനോനില്‍ ഇസ്‌ലാമിക് ജിഹാദിനെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്.
ലെബനോന്‍-സിറിയ അതിര്‍ത്തിയില്‍ ഇസ്രായിലി ഡ്രോണ്‍ കാറിനു നേരെ ആക്രമണം നടത്തിയതായും നാലു പേര്‍ രക്തസാക്ഷികളായതായും ലെബനോനിലെ ഔദ്യോഗിക ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ലെബനീസ് ആരോഗ്യ മന്ത്രാലയം മരണസംഖ്യ സ്ഥിരീകരിച്ചു. മജ്ദല്‍ അന്‍ജര്‍ പ്രദേശത്തെ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിലെ ഭീകരരെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
2023 ഒക്ടോബറില്‍ ഗാസ യുദ്ധത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍ ലെബനോനില്‍ ഇസ്‌ലാമിക് ജിഹാദ് അംഗങ്ങള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായിലും ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലയും തമ്മിലുള്ള യുദ്ധത്തില്‍, ഇസ്രായിലിനെതിരായ ചില ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഇസ്‌ലാമിക് ജിഹാദും ഹമാസും ഏറ്റെടുത്തിരുന്നു. വെടിനിര്‍ത്തല്‍ നിലവില്‍വന്ന ശേഷം ഇസ്രായിലി ആക്രമണങ്ങളില്‍ ലെബനോനില്‍ 370 ലേറെ ആളുകള്‍ കൊല്ലപ്പെട്ടതായി ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ ഡാറ്റ വ്യക്തമാക്കുന്നു.
ആയുധങ്ങള്‍ രാഷ്ട്രത്തിന്റെ കൈകളില്‍ പരിമിതപ്പെടുത്താനുള്ള പദ്ധതിയുടെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കിയതായി ലെബനീസ് സൈന്യം ജനുവരിയില്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ ഇസ്രായില്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ ദൂരത്തിലുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നു. 2024 നവംബറിലെ വെടിനിര്‍ത്തല്‍ കരാര്‍ അനുസരിച്ച്, നിയമാനുസൃത സുരക്ഷാ സേനയുടെ പക്കല്‍ മാത്രമായി ആയുധങ്ങള്‍ പരിമിതപ്പെടുത്താന്‍ ലെബനീസ് സര്‍ക്കാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ അംഗീകാരം നല്‍കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഏതാനും അഭയാര്‍ഥി ക്യാമ്പുകളിലെ ഫലസ്തീന്‍ വിഭാഗങ്ങള്‍ ലെബനീസ് അധികാരികള്‍ക്ക് ആയുധങ്ങള്‍ കൈമാറി. എന്നാല്‍ ലെബനോനില്‍ ആയുധം ഉപേക്ഷിക്കാനുള്ള ഒരു പദ്ധതിയും ഹമാസും ഇസ്‌ലാമിക് ജിഹാദും പ്രഖ്യാപിച്ചിട്ടില്ല.



