ബെയ്‌റൂത്ത്– തെക്കൻ ലെബനോനിൽ ഇസ്രായിൽ നടത്തിയ വ്യോമാക്രമണങ്ങളിൽ സിവിലിയൻ ഡിഫൻസ് ജീവനക്കാരായ മൂന്ന് രക്ഷാപ്രവർത്തകർ ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടു. മജ്ദൽ സൂൻ ഗ്രാമത്തിലെ ഒരു കെട്ടിടത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പ്രാഥമിക ശുശ്രൂഷ നൽകുന്നതിനിടെയാണ് രക്ഷാപ്രവർത്തകർക്ക് നേരെ വീണ്ടും ആക്രമണമുണ്ടായത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയാണ് ഇവർ മരിച്ചതെന്ന് ലെബനീസ് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആക്രമണത്തിൽ രണ്ട് ലെബനീസ് സൈനികർക്കും പരിക്കേറ്റിട്ടുണ്ട്.
അതിനിടെ, വടക്കൻ അതിർത്തിയോട് ചേർന്ന് ഹിസ്ബുല്ല നിർമ്മിച്ച രണ്ട് കിലോമീറ്റർ നീളമുള്ള തുരങ്ക ശൃംഖല തകർത്തതായി ഇസ്രായിൽ സൈന്യം അവകാശപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി നിർമ്മിച്ച ഈ തുരങ്കങ്ങൾ ഇസ്രായിലിനെ ലക്ഷ്യം വെച്ചുള്ള റോക്കറ്റ് ലോഞ്ചറുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും സൈന്യം അറിയിച്ചു. ലെബനോനുമായി ഒരു ഉടമ്പടിയിലെത്താൻ ഇസ്രായിൽ രണ്ടാഴ്ചത്തെ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനുശേഷം യുദ്ധം വീണ്ടും ശക്തമായേക്കുമെന്ന് ഇസ്രായിലി ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയുടെ മധ്യസ്ഥതയിൽ ഏപ്രിൽ 17 ന് ആരംഭിച്ച വെടിനിർത്തൽ മൂന്ന് ആഴ്ചത്തേക്ക് കൂടി നീട്ടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
മാർച്ച് രണ്ടിനാണ് ഇറാൻ നേതാവ് അലി ഖാംനഇയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്രായിലിനെതിരെ നീങ്ങിയതോടെ പുതിയ യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയ ശേഷം ഇസ്രായിൽ ആക്രമണങ്ങളിൽ ലെബനോനിൽ 2,534 പേർ കൊല്ലപ്പെടുകയും 7,863 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതിർത്തി ഗ്രാമങ്ങളിൽ ഇസ്രായിൽ ബോംബാക്രമണം തുടരുകയാണ്. നിരവധി ഗ്രാമങ്ങളെ വേർതിരിക്കുന്ന ‘യെല്ലോ ലൈൻ’ തങ്ങൾ സ്ഥാപിച്ചതായി ഇസ്രായിൽ സൈന്യം അറിയിച്ചപ്പോൾ, വടക്കൻ ഇസ്രായിലിലേക്ക് റോക്കറ്റുകളും ഡ്രോണുകളും അയച്ച് തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ലയും വ്യക്തമാക്കി.



