ബെയ്‌റൂത്ത് – ദക്ഷിണ ലെബനോനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് പെൺകുട്ടികൾ കൊല്ലപ്പെട്ടു. നബതിയ ജില്ലയിലെ ഹബൂഷ് ഗ്രാമത്തിലുണ്ടായ ഈ ആക്രമണത്തിൽ 22 പേർക്ക് പരിക്കേറ്റതായും ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ ടയർ ജില്ലയിലുണ്ടായ മറ്റ് രണ്ട് ആക്രമണങ്ങളിൽ ഒരു കുട്ടിയും മൂന്ന് സ്ത്രീകളും മൂന്ന് പാരാമെഡിക്കൽ ജീവനക്കാരും ഉൾപ്പെടെ 18 പേർക്ക് പരിക്കേറ്റു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ പ്രദേശത്തെ ലെബനീസ്-ഇറ്റാലിയൻ ആശുപത്രിക്ക് കേടുപാടുകൾ സംഭവിക്കുകയും ജനാലകളും മേൽക്കൂരയും തകരുകയും ചെയ്തിട്ടുണ്ട്.
യുദ്ധത്തിൽ തങ്ങളുടെ 21 വയസ്സുള്ള ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിച്ചതോടെയാണ് മാർച്ച് 2 മുതൽ യുദ്ധം ലെബനോനിലേക്കും വ്യാപിച്ചത്. ഒടുവിലത്തെ കണക്കുകൾ പ്രകാരം ലെബനോനിൽ ഇതുവരെ 1,422 പേർ മരിക്കുകയും 4,294 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പത്ത് ലക്ഷത്തിലധികം ആളുകൾക്കാണ് യുദ്ധം കാരണം വീടുപേക്ഷിച്ച് പോകേണ്ടി വന്നത്.
ടയർ നഗരത്തിൽ താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയ ശേഷം മൂന്ന് കെട്ടിടങ്ങൾ ഇസ്രായേൽ തകർത്തു. നഗരത്തിലെ ഒരു 11 നില കെട്ടിടം മിസൈൽ ആക്രമണത്തിൽ പൂർണ്ണമായും തകർന്ന് അവശിഷ്ടങ്ങൾ അടുത്തുള്ള പെട്രോൾ പമ്പിന് മുകളിൽ പതിച്ചു. മറ്റൊരു അഞ്ച് നില കെട്ടിടം ഭാഗികമായും തകർന്നു. ബുർജ് അൽഷമാലി പലസ്തീൻ അഭയാർത്ഥി ക്യാമ്പിലെ ഒരു വീടിന് നേരെയും ആക്രമണമുണ്ടായി. ഇസ്രായേലിന്റെ ഒഴിപ്പിക്കൽ നിർദ്ദേശത്തെ തുടർന്ന് പതിനായിരക്കണക്കിന് ആളുകൾ പലായനം ചെയ്തെങ്കിലും, മറ്റ് ഗ്രാമങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർ ഉൾപ്പെടെ ഏതാണ്ട് 20,000 പേർ ഇപ്പോഴും ടയർ നഗരത്തിൽ തുടരുന്നുണ്ട്.



