തെല്‍അവീവ് – രണ്ടാഴ്ച മുമ്പ് യു.എസ് നേതൃത്വത്തിലുള്ള സംയുക്ത ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനില്‍ 7,600 ആക്രമണങ്ങളും മാര്‍ച്ച് 2 ന് ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ലെബനോനില്‍ 1,100 ആക്രമണങ്ങളും നടത്തിയതായി ഇസ്രായില്‍ സൈന്യം അറിയിച്ചു. സൈന്യം ഇറാനിലുടനീളം ഏകദേശം 7,600 ആക്രമണങ്ങള്‍ നടത്തി. ഇറാന്‍ ഭരണകൂട ലക്ഷ്യങ്ങള്‍ക്കും ആസ്ഥാനങ്ങള്‍ക്കുമെതിരെ നടത്തിയ 2,000 ത്തിലധികം ആക്രമണങ്ങളും ഇറാന്‍ മിസൈല്‍ പദ്ധതിക്കെതിരെ നടത്തിയ ഏകദേശം 4,700 ആക്രമണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
ലെബനോനില്‍ സൈന്യം 1,100 ലധികം ആക്രമണങ്ങള്‍ നടത്തി. ഇതില്‍ ഹിസ്ബുല്ലയുടെ എലൈറ്റ് യൂണിറ്റായ റദ്വാന്‍ ഫോഴ്സിനെ ലക്ഷ്യമിട്ടുള്ള 190 ആക്രമണങ്ങളും ഉള്‍പ്പെടുന്നു. ലെബനോനില്‍ മിസൈല്‍ കേന്ദ്രങ്ങളിലും ലോഞ്ച് പാഡുകളിലും 200 ലേറെ ആക്രമണങ്ങളും നടത്തിയതയി ഇസ്രായില്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രായില്‍ ഇതിനകം പുറപ്പെടുവിച്ച ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ലെബനോനിലെ 14 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്നതായി നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ പറഞ്ഞു. ഹിസ്ബുല്ലയുമായുള്ള യുദ്ധം തുടരുന്നതിനാല്‍ വ്യാഴാഴ്ച കൂടുതല്‍ പ്രദേശങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായില്‍ സൈന്യം ഉത്തരവിട്ടു. യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളുടെ ആദ്യ ദിവസം ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇയെ വധിച്ചതിന് പ്രതികാരമായി ഹിസ്ബുല്ല ഇസ്രായേലിനെതിരെ റോക്കറ്റുകള്‍ വിക്ഷേപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 2 ന് മിഡില്‍ ഈസ്റ്റിലെ യുദ്ധം ലെബനോനിലേക്കും വ്യാപിക്കുകയായിരുന്നു. അതിനുശേഷം, ലെബനോനില്‍ വലിയ തോതിലുള്ള വ്യോമാക്രമണങ്ങള്‍, ദക്ഷിണ ലെബനോനിലേക്കുള്ള കടന്നുകയറ്റം, തുടര്‍ച്ചയായ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ എന്നിവയിലൂടെ ഇസ്രായില്‍ തിരിച്ചടിച്ചു.
ഇസ്രായില്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ഇപ്പോള്‍ ദക്ഷിണ ലെബനോന്‍, ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങള്‍, കിഴക്കന്‍ ലെബനോനിലെ ബെക്കാ താഴ്വരയുടെ ചില ഭാഗങ്ങള്‍ എന്നിവ അടക്കം ലെബനോന്റെ 14 ശതമാനം വരുന്ന ഏകദേശം 1,470 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഉള്‍പ്പെടുന്നതായി നോര്‍വീജിയന്‍ അഭയാര്‍ഥി കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു. യുദ്ധം ആരംഭിച്ചതിനുശേഷം, ലെബനീസ് അധികൃതര്‍ ലെബനോനില്‍ എട്ടു ലക്ഷത്തിലേറെ കുടിയിറക്കപ്പെട്ട ആളുകളെ അധികൃതര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഏകദേശം 1,30,000 പേര്‍ സര്‍ക്കാര്‍ സ്ഥാപിച്ച ഔദ്യോഗിക അഭയകേന്ദ്രങ്ങളിലാണ് കഴിയുന്നത്.



