ടെൽഅവീവ് – സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദേശ പ്രകാരം മുകളിലത്തെ നിലയിലെ സാധാരണ ഓഫീസിന് പകരം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഭൂഗര്‍ഭ മുറിയിലാണ് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കൂടുതല്‍ ജോലിയും നിര്‍വഹിക്കുന്നതെന്ന് ഇസ്രായിലിലെ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഗ്ലാസ് ഫ്രന്റുള്ള ‘അക്വേറിയം’ ഏരിയക്കു മുകളിലുള്ള ഓഫീസിനു പകരം ഭൂഗര്‍ഭ നിലയിലെ കൂടുതല്‍ സുരക്ഷിതമായ മുറി ഉപയോഗിക്കാന്‍ നെതന്യാഹുവിന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഒക്‌ടോബര്‍ 19 ന് ഖൈസാരിയയില്‍ നെതന്യാഹുവിന്റെ വീട് ലക്ഷ്യമിട്ട് ഹിസ്ബുല്ല ഡ്രോണ്‍ ആക്രമണം നടത്തിയതു മുതല്‍ സ്ഥിരമായതും പൊതുവായി അറിയപ്പെടുന്നതുമായ സ്ഥലങ്ങളില്‍ താമസിക്കുന്നത് ഒഴിവാക്കാനും നെതന്യാഹുവിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഡ്രോണ്‍ ആക്രമണത്തില്‍ നെതന്യാഹുവിന്റെ മുറിയുടെ ജനല്‍ ചില്ല് തകര്‍ന്നിരുന്നു. നിസാരമായ മറ്റു ചില കേടുപാടുകളും സംഭവിച്ചിരുന്നു. ഡ്രോണുകളോ മറ്റു മാര്‍ഗങ്ങളോ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ കുറിച്ച ഭയം മൂലമാണ് പ്രധാനമന്ത്രിക്ക് പുതിയ സുരക്ഷാ പ്രോട്ടോകോള്‍ നടപ്പിലാക്കിയത്. ഭൂഗര്‍ഭ മുറിയില്‍ കണ്ടുമുട്ടിയവരോട് പുതിയ ക്രമീകരണങ്ങളെ കുറിച്ച് നെതന്യാഹു വിശദീകരിച്ചു.
അടുത്തിടെ മന്ത്രിസഭാ യോഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നടന്നതിന്റെയും ഇസ്രായില്‍ പ്രധാനമന്ത്രിയുടെ പുത്രന്‍ അവ്‌നര്‍ ബെന്‍ നെതന്യാഹുവിന്റെ വിവാഹം പ്രത്യേക തീയതി നിശ്ചയിക്കാതെ മാറ്റിവെച്ചതിന്റെയും കാരണം പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍ വിശദീകരിക്കുന്നു.
ആഴ്ചയില്‍ പലതവണ ഒരേസ്ഥലത്ത് ഉണ്ടാകുന്ന സാഹചര്യം ഇല്ലാതാക്കാനും കോടതിയില്‍ സുരക്ഷിതമായ മുറിയോ ബോംബ് ഷെല്‍ട്ടറോ ഇല്ലാത്ത കാര്യം കണക്കിലെടുത്തും അഴിമതി കേസുകള്‍ വിചാരണ ചെയ്യുന്ന ജറൂസലം കോടതിയില്‍ അടുത്ത മാസം ഷെഡ്യൂള്‍ ചെയ്ത നെതന്യാഹുവിന്റെ മൊഴിനല്‍കല്‍ പ്രക്രിയ നീട്ടിവെക്കാന്‍ നെതന്യാഹുവിന്റെ അഭിഭാഷകര്‍ ശ്രമിക്കുമെന്ന് രാഷ്ട്രീയ, നിയമ വൃത്തങ്ങള്‍ പറഞ്ഞു.