തെല്‍അവീവ് -ഇറാൻ ഭരണകൂടം പെട്ടെന്ന് കീഴടങ്ങില്ലെന്ന ആശങ്ക ഇസ്രായിൽ ഉദ്യോഗസ്ഥർക്കിടയിൽ ശക്തമാകുന്നു. തളരാതെ പോരാട്ടം തുടർന്ന് വിജയം നേടുക എന്ന തന്ത്രമാണ് ഇറാൻ പയറ്റുന്നതെന്ന് യുദ്ധവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മിസൈൽ ആക്രമണങ്ങളിലൂടെ തങ്ങൾ പരാജയപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാനും ഇസ്രായിലിനെ സമ്മർദ്ദത്തിലാക്കാനുമാണ് ഇറാൻ ശ്രമിക്കുന്നത്. വ്യോമാക്രമണം കൊണ്ട് മാത്രം ഇറാൻ ഭരണകൂടത്തെ അട്ടിമറിക്കാൻ കഴിയില്ലെന്ന് അമേരിക്കയ്ക്കും ഇസ്രായിലിനും ബോധ്യമുണ്ട്. അതിനാൽ ഇറാന്റെ ആണവ-മിസൈൽ പദ്ധതികൾ തകർക്കുക, സാമ്പത്തികമായി തളർത്തുക എന്നിവയാണ് ഇവരുടെ പ്രധാന ലക്ഷ്യങ്ങൾ. എണ്ണവില വർധനവും അമേരിക്കയിലെ രാഷ്ട്രീയ എതിർപ്പുകളും ഇസ്രായിലിന്റെ നീക്കങ്ങൾക്ക് തടസ്സമാകുന്നുണ്ട്.
ഇറാൻ പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടാൽ ഭരണമാറ്റം ഉണ്ടാകുമെന്ന് നെതന്യാഹുവും മറ്റും വിശ്വസിക്കുമ്പോഴും, ഇത് വലിയ വിപരീതഫലമുണ്ടാക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഭരണമാറ്റം എന്ന ലക്ഷ്യം പ്രായോഗികമല്ലെന്ന് പല ചരിത്രകാരന്മാരും മുന്നറിയിപ്പ് നൽകുന്നു. സദ്ദാം ഹുസൈന്റെ വീഴ്ചയ്ക്ക് ശേഷം ഇറാഖിലുണ്ടായ ആഭ്യന്തര യുദ്ധവും തീവ്രവാദ ഗ്രൂപ്പുകളുടെ വളർച്ചയും ഇതിന് ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടുന്നു. ഇറാന്റെ ഭരണഘടന സങ്കീർണ്ണമാണെന്നും കേവലം ഒരു നേതാവിനെ ഇല്ലാതാക്കിയത് കൊണ്ട് മാത്രം അവിടെ മാറ്റം സംഭവിക്കില്ലെന്നും വിദഗ്ധർ അഭിപ്രായപ്പെട്ടു. ശക്തമായ സംഘടനാ സംവിധാനമുള്ള ഇറാൻ ഭരണകൂടത്തെ പുറത്തുനിന്നുള്ള ഇടപെടലുകൾ വഴി തകർക്കാൻ ശ്രമിക്കുന്നത് വിപരീതഫലം ഉണ്ടാക്കിയേക്കാമെന്നും ഇസ്രായിലിലെ പണ്ഡിതർ മുന്നറിയിപ്പ് നൽകുന്നു.



